റിയാദിൽ ക്രിസ്‌റ്റ്യാനോയുടെ അരങ്ങേറ്റം തോൽവിയോടെ ആയെങ്കിലും കാണികൾക്ക് ഇതിലും മികച്ചൊരു മത്സരം കാണാൻ കഴിയില്ലെന്നതാണ് വാസ്‌തവം. ക്രിസ്‌റ്റ്യാനോയുടെ റിയാദ് ഓൾ സ്‌റ്റാർ ടീമിനെതിരെ ലയണൽ മെസ്സിയുടെ പിഎസ്‌ജി ജയം നേടിയെങ്കിലും ഇതിഹാസ താരങ്ങൾ ഒരിക്കൽ കൂടി ഏറ്റുമുട്ടിയപ്പോൾ ഫുട്‍ബോൾ ലോകം ആവേശത്തിലായിരുന്നു.
ഒൻപത് ഗോളുകളാണ് ആകെ മത്സരത്തിൽ പിറന്നത്. നാലിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു പിഎസ്‌ജിയുടെ വിജയം. പിഎസ്‌ജിക്ക് വേണ്ടി ലയണൽ മെസ്സിയും, എംബപ്പേയും ഗോൾ നേടിയപ്പോൾ നെയ്‌മർ പെനാൽറ്റി പാഴാക്കി കളഞ്ഞു. മറുഭാഗത്ത് ക്രിസ്‌റ്റ്യാനോ ഇരട്ട ഗോളുകളുമായി തന്റെ വരവറിയിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ ലയണൽ മെസ്സി ആരംഭിച്ച ഗോൾ വേട്ട ക്രിസ്‌റ്റ്യാനോ കൂടി ഏറ്റെടുത്തതോടെ റിയാദിലെ കിംഗ് ഫഹദ് അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിൽ കാണികൾ ആരപ്പുവിളിച്ചു. ലയണൽ മെസ്സി, കെയ്‌ലിൻ എംബാപ്പേ, സെർജിയോ റാമോസ്, ഹ്യൂഗോ എക്കിറ്റി, മാർക്വിനോസ് എന്നിവർ പിഎസ്‌ജിയ്ക്ക് വേണ്ടിയും, ക്രിസ്‌റ്റ്യാനോ, ഹ്യുൻ ജങ്, ആൻഡേഴ്‌സൺ ടാലിസ്‌ക എന്നിവർ റിയാദിനായും സ്കോർ ചെയ്‌തു.
സൗദി പ്രോ ലീഗിലേക്ക് സൂപ്പർതാരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ കൂടുമാറിയപ്പോൾ ആരാധകരും, ഫുട്‍ബോൾ പ്രേമികളും ഒരുപോലെ അമ്പരന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ, മറ്റാർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരങ്ങളിലേക്ക് നടന്നു കയറിയവൻ കേവലം ഒരു നാലാംകിട ലീഗെന്ന് പലരും ആക്ഷേപിച്ച ഒരിടത്തേക്ക് ചെന്നിറങ്ങുമ്പോൾ അത്തരം അമ്പരപ്പുകൾ ഒക്കെ സർവ സാധാരണം.