മണ്ഡല മകരവിളക്ക് തീർത്ഥാടനം പൂർത്തിയായി; ശബരിമല നടയടച്ചു

മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം പൂർത്തിയായതോടെ ശബരിമല നടയടച്ചു. രാവിലെ 6 മണിയോടെ തിരുവാഭരണ പേടക സംഘം പന്തളത്തേക്ക് മടങ്ങി. ഇത്തവണ രാജപ്രതിനിധി ഇല്ലാതിരുന്നതിനാൽ ആചാരപരമായ ചടങ്ങുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഭക്തർക്ക് ദർശനത്തിനുള്ള അവസരം ഇന്നലെ തന്നെ അവസാനിച്ചിരുന്നു. നട അടച്ചതിനുശേഷം മാളികപ്പുറത്ത് ഗുരുതിയും നടന്നു. 

അതേസമയം, തിരുവിതാംകൂർ ദേവസ്വം ബോർഡിന് റെക്കോർഡ് വരുമാനം കിട്ടിയ തീർത്ഥാടന കാലമാണ് കടന്നുപോയത്. നിലവിലെ കണക്ക് പ്രകാരം 312 കോടിയിലധികം രൂപയുടെ വരുമാനമാണ് ഉണ്ടായിട്ടുള്ളത്. സന്നിധാനത്ത് കാണിക്കയായി കിട്ടിയ നാണയങ്ങൾ ഇതുവരെ പൂർണമായും എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല. നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നാണ് സൂചന. ഇതിനായി സന്നിധാനത്ത് കൂടുതൽ ജീവനക്കാരെ നിയമിച്ചിരുന്നു. 

ശബരിമല കാണിക്ക എണ്ണലിൽ ഇടപെട്ട് ഹൈക്കോടതി. കാണിക്ക എണ്ണലിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ശബരിമല സ്പെഷ്യൽ കമ്മീഷണർക്ക് ഹൈക്കോടതി നിർദേശം നൽകി. മുൻപില്ലാത്ത വിധം നോട്ടും നാണയങ്ങളും ഇത്തവണ എത്തിയെന്നാണ് കമ്മീഷണർ കോടതിയെ അറിയിച്ചത്. അന്നദാന മണ്ഡപത്തിലും പണം കൂനയായി കൂട്ടിയിട്ടിരിക്കുകയാണ്. 

അതേസമയം കാണിക്ക എപ്പോൾ എണ്ണിത്തീരുമെന്ന് പറയാൻ കഴിയില്ലെന്ന് കമ്മീഷണർ കോടതിയിൽ വ്യക്തമാക്കി. കാണിക്ക എണ്ണുന്നതിൽ  അപാകതയുണ്ടോ എന്നറിയിക്കാൻ ദേവസ്വം വിജിലൻസിനും കോടതി  നിർദേശം നൽകി. വിഷയം ഹൈക്കോടതി നാളെ  വീണ്ടും പരിഗണിക്കും. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വരുമാനമാണ് ശബരിമലയിൽ ഇത്തവണത്തെ സീസണിൽ ലഭിച്ചത്. 

കഴിഞ്ഞ വ്യാഴാഴ്‌ച വരെ ആകെ 310.40 കോടി രൂപയാണ് കാണിക്കയായി മാത്രം കിട്ടിയത്. അപ്പം അരവണ വില്‍പനയിലൂടെ 141 കോടി രൂപയും കിട്ടി. കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന കഴിഞ്ഞ രണ്ട് സീസണിലും വരുമാനം നന്നേ കുറവായിരുന്നു. ഇതിന് മുൻപത്തെ റെക്കോർഡ് വരുമാനം 212 കോടി രൂപ ആയിരുന്നു. ഇത്തവണ കാണിക്കകളും നോട്ടുകളും എണ്ണാനായി 60 ജീവനക്കാരെ അധികമായി നിയോഗിച്ചിട്ടുണ്ട്.

Verified by MonsterInsights