വേനല്‍മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റില്‍ മൂവാറ്റുപുഴ ആയവന പഞ്ചായത്തിലെ കടുംപിടിയിൽ വ്യാപക കൃഷിനാശം. കടുംപിടി മീനമറ്റത്തില്‍ കുഞ്ഞ്, കരിമത്തണ്ടേല്‍ രാജന്‍, മംഗലത്ത് റെജി എന്നിവരുടെ കൃഷിയിടത്തിലെ 750 കുലച്ച ഏത്തവാഴകളാണ് കാറ്റില്‍ നിലംപതിച്ചത്.
വിളവെടുക്കാറായ നിരവധി വാഴക്കുലകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സ്ഥലം പാട്ടത്തിനെടുത്താണ് ഇവര്‍ വാഴ കൃഷി ചെയ്തത്. കൂടുതൽ കൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിനിടെയാണ് നാശമുണ്ടായത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തി. മാറാടി, വാളകം പഞ്ചായത്തുകളിലും കിഴക്കേക്കര ഭാഗത്തും വാഴ, പച്ചക്കറി തുടങ്ങിയ വിവിധയിനം കൃഷികൾ നശിച്ചിട്ടുണ്ട്.
അതേസമയം, എം.വി.ഐ.പി. കനാൽ തകർന്നത് മാറാടി, ആരക്കുഴ പഞ്ചായത്തുകളിലെ കൃഷിയിടങ്ങള്‍ക്ക് തിരിച്ചടിയായി. കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കത്തതും ബലക്ഷയവുമാണ് കനാല്‍ തകരാന്‍ കാരണം. കനാലിൽ വെള്ളം നിറഞ്ഞപ്പോൾ കരിയിലയും കാടും നിറഞ്ഞ കനാലിൽ വെള്ളം ഒഴുകാതായി. ദുർബലമായിരുന്ന കനാലിന്റെ അരികുപൊട്ടി വെള്ളം കുത്തിയൊഴുകി.
വാഴ, ജാതി, പച്ചക്കറി എന്നിവ കനാൽ ജലത്തെ ആശ്രയിച്ചാണ് പ്രദേശത്ത് കൃഷി ചെയ്യുന്നത്. കനാൽ അറ്റകുറ്റപ്പണികൾ യഥാസമയത്ത് ചെയ്യാത്തതും ഇക്കുറി വെള്ളം തുറന്നുവിടും മുൻപ് കനാൽ വൃത്തിയാക്കാത്തതുമാണ് പ്രധാനമായും അപകടത്തിനു കാരണമെന്ന് മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് സാബു പുതൂർ എന്നിവർ പറഞ്ഞു.
പൂർണതോതിൽ കനാൽ നന്നാക്കാതെ ഉയരം കൂടിയ കായനാട് പോലുള്ള ഭാഗങ്ങളിൽ വെള്ളമെത്തില്ല. ഇതുമൂലം വേനലിൽ സ്ഥലത്ത് ജലക്ഷാമം രൂക്ഷമാകും.