ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം വെള്ളിയാഴ്ച ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കും. നാഗ്പൂര്‍ ടെസ്റ്റില്‍ ഓസീസിനെ ഇന്നിങ്സിനും 132 റണ്‍സിനും തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഈ മത്സരത്തിലും ഓസീസിനെ അട്ടിമറിക്കാനായിരിക്കും രോഹിത് ശര്‍മ നയിക്കുന്ന ടീമിന്റെ ശ്രമം. രണ്ടാം ടെസ്റ്റ് വെള്ളിയാഴ്ച രാവിലെ 9.30ന് ആരംഭിക്കും.
രണ്ടാം മത്സരത്തിന് മുമ്പ് ഏവരുടെയും കണ്ണ് ഇന്ത്യന്‍ ടീമിന്റെ പ്ലെയിങ്-11ല്‍ ആയിരിക്കും. ഈ മത്സരത്തില്‍ ശ്രേയസ് അയ്യര്‍ ടീമില്‍ തിരിച്ചെത്തിയതിനാല്‍ ടീം മാനേജ്മെന്റ് നേരിട്ട് പ്ലേയിംഗ് 11ല്‍ ഉള്‍പ്പെടുത്തുമോ ഇല്ലയോ എന്ന് കണ്ടറിയണം. ശ്രേയസ് അയ്യര്‍ കളിച്ചാല്‍ സൂര്യകുമാര്‍ യാദവ് പുറത്തിരിക്കേണ്ടി വരും. നാഗ്പൂരില്‍ നടന്ന മത്സരത്തിലായിരുന്നു സൂര്യയുടെ ടെസ്റ്റ് അരങ്ങേറ്റം. എന്നാല്‍, കാര്യമായ പ്രകടനം നടത്താനാകാതെ താരം പവലിയനിലേക്ക് മടങ്ങിയിരുന്നു.
ആദ്യ ടെസ്റ്റ് മത്സരത്തില്‍ കെ എല്‍ രാഹുലിനും കെ എസ് ഭരതിനും കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. 71 പന്തുകള്‍ നേരിട്ട രാഹുലിന് 20 റണ്‍സ് മാത്രമാണ് നേടാനായത്. അതേ സമയം അരങ്ങേറ്റ വിക്കറ്റ് കീപ്പര്‍ കെഎസ് ഭാരതിനും 8 റണ്‍സ് മാത്രമാണ് സംഭാവന ചെയ്യാന്‍ കഴിഞ്ഞത്. ശുഭ്മാന്‍ ഗില്ലും ഇഷാന് കിഷനും തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നതിനാല്‍ ഈ രണ്ട് താരങ്ങള്‍ക്കും മികച്ച പ്രകടനം നടത്താന്‍ സമ്മര്‍ദ്ദം ഉണ്ടാകും. ആദ്യ മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയതില്‍ പ്രത്യേകിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. രാഹുല്‍ വീണ്ടും പതറിയാല്‍ മൂന്നാം ടെസ്റ്റില്‍ അവസരം ലഭിക്കില്ല.
ടേണിംഗ് പിച്ച് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലും കാണാന്‍ പോകുന്നതിനാല്‍ രണ്ടാം ടെസ്റ്റില്‍ ബൗളിംഗ് കോമ്പിനേഷന്‍ നിലനിര്‍ത്താനാണ് ടീം ഇന്ത്യ ആഗ്രഹിക്കുന്നത്. അതായത് അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന് എന്നിവരുടെ സ്പിന്‍ ത്രയം വീണ്ടും രംഗത്തെത്തു.പക്ഷേ, കുല്‍ദീപ് യാദവിന് ബെഞ്ചിലിരുന്ന് സമയം ചെലവഴിക്കേണ്ടിവരുമെന്നര്ത്ഥം. മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയുമാണ് ടീമിലെ രണ്ട് ഫാസ്റ്റ് ബൗളര്‍മാര്‍.