തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകുന്നു. 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ പരീക്ഷയും 4,42,067 വിദ്യാർത്ഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും.
ആകെ 2,023 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. മാർച്ച് 30 നാണ് പരീക്ഷ അവസാനിക്കുന്നത്. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷത്തിൽ 28,820 ഉം രണ്ടാം വർഷത്തിൽ 30,740 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതുന്നത്.
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷയ്ക്ക് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. 4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്. മാർച്ച് 29ന് പരീക്ഷ അവസാനിക്കും.
ഉത്തരക്കടലാസ് മൂല്യനിർണയം സംസ്ഥാനത്തെ 70 ക്യാംപുകളിലായി 2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പൂർത്തീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ആകെ പതിനെട്ടായിരത്തിൽ അധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും. മൂല്യനിർണയ ക്യാംപുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിക്കും. ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തിൽ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് അറിയിച്ചു.