കൈ കഴുകാൻ സോപ്പ് നിർബന്ധമല്ലെന്ന ട്വിറ്റർ പോസ്റ്റിനെതിരെ വ്യാപക വിമർശനം ഉയരുന്നു. കൈ കഴുകാൻ സോപ്പ് ഉപയോഗിക്കുന്നത് അനാവശ്യവും ആരോഗ്യത്തിന് ഹാനികരവുമാണെന്നാണ് പോസ്റ്റിൽ പറയുന്നത്. ഭൂരിഭാഗം പേരും ഈ വാദത്തെ എതിർത്താണ് കമന്റുകളിടുന്നത്. ട്വീറ്റിലെ അവകാശവാദങ്ങളെ പൂർണമായും ഖണ്ഡിക്കുന്നതാണ് കമന്റുകൾ. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന് രോഗാണുക്കളെ കൈകാര്യം ചെയ്യാൻ കഴിയുമെന്നും സാധാരണ വെള്ളത്തിൽ മാത്രം കൈ കഴുകിയാൽ മതിയെന്നും പോസ്റ്റിൽ പറയുന്നു. സോപ്പ് ഉപയോഗിച്ചാൽ അലർജി പ്രശ്നങ്ങളുണ്ടാകുമെന്നും പല ഒന്നാം ലോക രാജ്യങ്ങളിലും ഇത്തരം അലർജികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ‘ലൈഫ് മാത്ത് മണി, റിയൽ അഡ്വൈസ് ഫോർ മെൻ’ എന്ന ട്വിറ്റർ ഹാൻഡിലിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
”ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈ കഴുകാൻ സോപ്പ് ഉപയോഗിക്കുന്ന ശീലം നിർത്തൂ. വെള്ളം കൊണ്ടു മാത്രം കഴുകിയാൽ മതി. നിങ്ങളുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന് രോഗാണുക്കളെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. സോപ്പ് ഉപയോഗിക്കുമ്പോൾ, അതു നിങ്ങളുടെ വയറ്റിൽ ചെന്ന് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങുന്നു. ഒന്നാം ലോക രാജ്യങ്ങളിൽ ഇത്തരത്തിലുള്ള അലർജിയുമായി ജീവിക്കുന്ന നിരവധി പേരുണ്ട്”, എന്നാണ് ട്വീറ്റ്. തന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവും അടുത്ത ട്വീറ്റിൽ ഇയാൾ പങ്കുവെച്ചിട്ടുണ്ട്.
”ഞാൻ പറയുന്നത് വിഡ്ഢിത്തരമാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ഈ വീഡിയോ കാണുക. സോപ്പ് ഉപയോഗിച്ച് കൈ കഴുകിയ ശേഷം നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ, സോപ്പിന്റെ കുറച്ച് അംശം നിങ്ങളുടെ കൈയിൽ പിന്നെയും ബാക്കിയുണ്ടായിരിക്കും. അത് നിങ്ങളുടെ ശരീരത്തിനകത്തെത്തും. സോപ്പ് ഇട്ടതിനു ശേഷം വീണ്ടും വീണ്ടും വെള്ളമൊഴിച്ച് കഴുകിയാലും ഇത് പൂർണമായും പോകില്ല. ഇത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഇപ്പോഴത്തെ സോപ്പുകൾ നല്ല വീര്യം ഉള്ളവയാണ്”, എന്നാണ് വീഡിയോ സഹിതമുള്ള അടുത്ത പോസ്റ്റിൽ പറയുന്നത്.
തെറ്റായ വിവരങ്ങളാണ് ഇയാൾ പ്രചരിപ്പിക്കുന്നത് എന്നാണ് പലരുടെയും വാദം. സോപ്പ് ശുചിത്വത്തിന്റെ പ്രധാന ഭാഗമാണെന്ന് ചിലർ പറയുന്നു. ഈ വാദത്തെ ബലപ്പെടുത്തുന്ന ശാസ്ത്രീയ വിശദീകരണങ്ങളും ഇവർ നൽകിയിട്ടുണ്ട്. തങ്ങളുടെ വ്യക്തിശുചിത്വത്തിൽ സോപ്പിന് വലിയ പങ്കുണ്ടെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. കൈകൾ വൃത്തിയായി സൂക്ഷിക്കാൻ സോപ്പും വെള്ളവും ഉപയോഗിക്കണമെന്നാണ് പലരുടെയും അഭിപ്രായം.
”ട്വീറ്റ് ഇട്ടയാൾ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെങ്കിൽ, സർജനോട് കൈകൾ വെള്ളത്തിൽ മാത്രം കഴുകിയാൽ മതിയെന്ന് പറയുമോ?” എന്നാണ് ഒരാൾ പരിഹാസരൂപേണ കമന്റ് ചെയ്തത്. ”സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുമ്പോൾ നടക്കുന്നത് ഒരു മെക്കാനിക്കൽ പ്രവർത്തനമാണ് . ഇത് അണുക്കളും അഴുക്കും നീക്കം ചെയ്യുന്നു. വെള്ളം മാത്രം ഉപയോഗിച്ചാൽ അവ പോകില്ല”, എന്നാണ് മറ്റൊരു കമന്റ്. ഏതായാലും പോസ്റ്റ് ഇതിനോടകം ട്വിറ്ററിൽ വൈറലായിക്കഴിഞ്ഞു.