മെറ്റ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ സേവനങ്ങളായ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് എന്നിവയിൽ എഐ സേവനങ്ങൾ ഉൾപ്പെടുത്തുന്നതിന്റ നടപടികൾ കമ്പനി കുറച്ചുകാലമായി നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ മാറ്റമാണ് വാട്സ്ആപ്പിലേക്കും എഐ സേവനം കൊണ്ടുവരുന്നു എന്നത്.
ഈ വർഷം ആദ്യം നടന്ന മെറ്റാ കണക്ട് 2023-ൽ, വാട്സ്ആപ്പിൽ ഉടൻ തന്നെ ഒരു എഐ ചാറ്റ്ബോട്ട് ചേർക്കുമെന്ന് ടെക് ഭീമൻ പ്രഖ്യാപിച്ചിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ ചുരുക്കം ചില ഉപയോക്താക്കൾക്കാണ് മുൻപ് ഈ സേവനം ലഭ്യമായിരുന്നത്, വാബീറ്റഇൻഫോ റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്സ്ആപ്പ് ബീറ്റയിൽ ഇപ്പോൾ ഒരു പുതിയ ഷോർട്ട് കട്ട് ബട്ടൺ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് സംഭാഷണത്തിലൂടെ നാവിഗേറ്റ് ചെയ്യാതെ തന്നെ കമ്പനിയുടെ എഐ പവർഡ് ചാറ്റ്ബോട്ട് വേഗത്തിൽ ആക്സസ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
പുതിയ എഐ ചാറ്റ്ബോട്ട് ബട്ടൺ വാട്ട്സ്ആപ്പ് ‘ന്യൂ ചാറ്റ്’ ബട്ടന്റെ മുകളിലായി ‘ചാറ്റ്സ്’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, പുതിയ എഐ ചാറ്റ്ബോട്ട് ചുരുക്കം ഉപയോക്താക്കൾക്ക് മാത്രമായായി നിലവിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഉപയോക്താക്കളിലേക്കും ഇത് എപ്പോഴാണ് ലഭ്യമാകുക എന്നതിൽ വ്യക്തത ഇതുവരെ ലഭിച്ചിട്ടില്ല.