സമ്പദ്‌വ്യവസ്ഥ വളരുന്നു, പക്ഷേ തൊഴിലില്‍ വര്‍ധനയില്ല; ആശങ്കയായി റോയിട്ടേഴ്‌സ് സര്‍വേ.

അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമ്പോഴും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ പൂര്‍ണമായി ലക്ഷ്യം കാണുന്നില്ലെന്ന് റിപ്പോര്‍ട്ട്. റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയാണ് രാജ്യത്തെ തൊഴിലില്ലായ്മയുടെ ആശങ്കകള്‍ പങ്കുവയ്ക്കുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും യുവാക്കളുടെ എണ്ണത്തിനും

ആനുപാതികമായി തൊഴില്‍ വര്‍ധിക്കുന്നില്ല.

അടിസ്ഥാന സൗകര്യ വികസനത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കോടിക്കണക്കിന് രൂപ ഇന്ത്യ ചെലവഴിച്ചിട്ടുണ്ട്.വൈദഗ്ധ്യം കുറഞ്ഞ തൊഴിലുകളിലും നിര്‍മാണ മേഖലയിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.എന്നാല്‍ വിദ്യാസമ്പന്നരായ ചെറുപ്പക്കാരില്‍ തൊഴിലില്ലായ്മ കുറയ്ക്കാന്‍ സാധിച്ചിട്ടില്ല.സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് സര്‍വേയില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

സര്‍ക്കാര്‍ മുന്‍ഗണന മാറണം

പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം 2014നെ അപേക്ഷിച്ച് തൊഴിലില്ലായ്മയില്‍ ചെറിയ കുറവ് മാത്രമാണ്ഉണ്ടായിട്ടുള്ളത്.പത്തുവര്‍ഷം മുമ്പ് 3.4 ശതമാനം ആയിരുന്നു തൊഴിലില്ലായ്മ. ഇപ്പോഴത് 3.2 ശതമാനമായി കുറഞ്ഞുവെങ്കിലുംആശ്വസിക്കാവുന്ന നിലയില്‍ എത്തിയിട്ടില്ല.






കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്ന മേഖലകള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അടുത്തിടെ സര്‍ക്കാരിനെ ഉപദേശിച്ചിരുന്നു.സമ്പദ്‌വ്യവസ്ഥ എത്രത്തോളം വളരുന്നുവെന്നതിനേക്കാള്‍ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ശ്രദ്ധിക്കേണ്ടതെന്നാണ് അദേഹത്തിന്റെ പക്ഷം.

ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് റോയിട്ടേഴ്‌സ് സര്‍വേയില്‍പങ്കെടുത്ത പകുതിയിലധികം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടത്. കൂടുതല്‍ തൊഴില്‍
സൃഷ്ടിക്കപ്പെടാത്തത് മൂലം ജനസംഖ്യപരമായ ആനുകൂല്യം മുതലാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കാതെ വരുമെന്നും സര്‍വേ അടിവരയിടുന്നു.






Verified by MonsterInsights