നിർമാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചു; ഭാര്യയുടെ മരണം രണ്ടാഴ്ച മുൻപ്.
പാചക വിദഗ്ധനും ചലചിത്ര നിർമാതാവുമായ കെ.നൗഷാദ് (55) അന്തരിച്ചു. ഉദര, നട്ടെല്ല് സംബന്ധ രോഗങ്ങൾക്ക് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്നു. തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിൽ വെള്ളിയാഴ്ച രാവിലെ 8.30ന് ആയിരുന്നു അന്ത്യം. കബറടക്കം ഇന്നു നടക്കും. രണ്ടാഴ്ച മുൻപ് ഹൃദയാഘാതത്തെ തുടർന്ന് നൗഷാദിന്റെ ഭാര്യ ഷീബ മരിച്ചിരുന്നു.
പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. മൂന്നു പതിറ്റാണ്ടായി പാചക രംഗത്തുള്ള നൗഷാദ് ആയിരക്കണക്കിനു വിവാഹങ്ങൾക്കു ഭക്ഷണം ഒരുക്കിയിട്ടുണ്ട്. തിരുവല്ലയിൽ റസ്റ്ററന്റും കേറ്ററിങ് സർവീസും നടത്തിയിരുന്ന പിതാവിൽനിന്നാണ് നൗഷാദിന് പാചക താൽപര്യം പകർന്നുകിട്ടിയത്.
വലിയ ശരീര പ്രകൃതം കൊണ്ട് നൗഷാദ് ജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. ബ്ലെസി എന്ന സംവിധായകനെ മലയാള സിനിമയ്ക്കു സമ്മാനിച്ച ‘കാഴ്ച’ എന്ന സിനിമയുടെ നിർമാതാവായിരുന്നു. സ്കൂളിലും കോളജിലും നൗഷാദിന്റെ സഹപാഠിയായിരുന്നു ബ്ലെസി. നിർമാണ രംഗത്ത് നൗഷാദിന്റെ ആദ്യ സംരംഭമായിരുന്നു കാഴ്ച. പിന്നീട്, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല എന്നീ സിനിമകൾ കൂടി നിർമിച്ചു.
മൂന്നു വർഷം മുൻപ് ഉദര സംബന്ധമായ രോഗത്തിനു നൗഷാദ് ചികിത്സ തേടിയിരുന്നു. ഭാരം കുറയ്ക്കുന്നതുൾപ്പെടെയുള്ള ചികിത്സ വിജയിച്ചെങ്കിലും നട്ടെല്ലിനുണ്ടായ തകരാറിനെ തുടർന്ന് ഒരു വർഷത്തിലേറെ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. പിന്നീടാണ് തിരുവല്ലയിലേക്ക് മാറ്റിയത്. ഏകമകൾ: നഷ്വ.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.