ഇന്ത്യൻ ക്രിക്കറ്റ് താരം സ്റ്റുവർട്ട് ബിന്നി വിരമിച്ചു.
ഇന്ത്യൻ ഓൾറൗണ്ടർ സ്റ്റുവർട്ട് ബിന്നി സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ കർണാടകക്ക് വേണ്ടി കളിച്ചിരുന്ന ബിന്നി ഇന്ത്യക്ക് വേണ്ടി ആറ് ടെസ്റ്റ് മത്സരങ്ങളും 14 ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ഏകദിന ബൗളിംഗ് പ്രകടനത്തിന്റെ റെക്കോർഡ് ഇപ്പോഴും ബിന്നിയുടെ പേരിലാണ്. 2014-ൽ ധാക്കയിൽ വെച്ച് ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ 4.4 ഓവറിൽ നാല് റൺസ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റുകളാണ് ബിന്നി സ്വന്തമാക്കിയത്.
95 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് ബിന്നി കർണാടകക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ധോണിക്ക് കീഴിൽ 2014ൽ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ ആയിരുന്നു ബിന്നിയുടെ അരങ്ങേറ്റം. 2016ലാണ് ബിന്നി അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റുകളിൽ നിന്നുമായി 459 റൺസും 24 വിക്കറ്റുകളുമാണ് ബിന്നിയുടെ സമ്പാദ്യം. ഫസ്റ്റ് ക്ലാസ് കരിയറില്‍ 4796 റണ്‍സും 146 വിക്കറ്റും ബിന്നി നേടിയിട്ടുണ്ട്. ഐപിഎലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ 95 മത്സരങ്ങളില്‍ നിന്നും 880 റണ്‍സും 22 വിക്കറ്റുമാണ് സമ്പാദ്യം.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.