കേരളത്തിലെ സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ 80 രൂപ വർധിച്ചെങ്കിലും ഇന്ന് വിലയിൽ മാറ്റമില്ല. വരാനിരിക്കുന്ന ദിവസങ്ങളിൽ വില കുറയുമോ എന്നാണ് ഉപഭോക്താക്കൾ ഉറ്റുനോക്കുന്നത്. ക്രൂഡ് ഓയിൽ വില ഉൾപ്പെടെ വെല്ലുവിളിയായി മുന്നിൽ നിൽക്കുമ്പോഴും സ്വർണവിലയിൽ പ്രകടമായ മാറ്റം ഉണ്ടാവുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് അറിയാം.കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,080 രൂപയാണ് വില (22 കാരറ്റ്). ഗ്രാമിന് 6635 രൂപ എന്ന നിരക്കിലാണ് ഇത്. എന്നാൽ നിങ്ങൾ ആഭരണമാണ് വാങ്ങുന്നതെങ്കിൽ ഈ നിരക്ക് മാത്രം ചേർത്താൽ മതിയാവില്ലെന്ന് പ്രത്യേകം ഓർക്കണം. അതിനാൽ തന്നെ ഈ കണക്കുകൾ മനസിലിട്ട് കൊണ്ട് ആഭരണം വാങ്ങുവാൻ ജ്വല്ലറികളിൽ പോയാൽ കീശ കാലിയാകും എന്നുറപ്പാണ്.അതേസമയം, സ്വർണവില വരും ദിവസങ്ങളിൽ കുറയുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. ഡോളർ മൂല്യം ഉയരുന്നത് അടക്കം ഇതിന്റെ കാരണമായി വിലയിരുത്തുന്നുണ്ട്. എന്നാൽ ഒട്ടുമിക്ക വ്യാപാരികളും ഉറ്റുനോക്കുന്നത് കേന്ദ്ര ബജറ്റിലേക്കാണ്. ജൂലൈ അവസാന വാരം നടക്കുന്ന കേന്ദ്ര ബജറ്റിൽ സ്വർണവിലയെ സ്വാധീനിക്കുന്ന നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാവുമോ എന്നാണ് എല്ലാവരുടെയും ഒരേ സ്വരത്തിലുള്ള ചോദ്യം.അതിൽ ഉയരുന്ന പ്രധാന ആവശ്യം നികുതി കുറയ്ക്കുക എന്നതാണ്. രാജ്യത്ത് കഴിഞ്ഞ കുറച്ചധികം നാളുകളായി സ്വർണവില ക്രമാതീതമായി കുതിച്ചുയരുന്നത് സാധാരണക്കാരെ ഉൾപ്പെടെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിരുന്നു. വിവാഹങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകളിൽ ഇന്ത്യയിൽ സ്വർണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ഇടപെടണം എന്ന ആവശ്യം പല കോണുകളിൽ നിന്നും കാലങ്ങളായി ഉയരുന്നു.
അങ്ങനെയെങ്കിൽ സ്വർണവില 50,000 എന്ന ബെഞ്ച്മാർക്കിന് താഴേക്ക് സുഗമമായി എത്തുമെന്നും വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ 11 ശതമാനം ഉണ്ടായിരുന്ന ഇറക്കുമതി തീരുവ ഒറ്റയടിക്ക് 15 ശതമാനം ആക്കിയതോടെ രാജ്യത്തേക്കുള്ള സ്വർണ കടത്തും കൂടുതൽ ശക്തമായി. വൻ ലാഭം പ്രതീക്ഷിച്ചാണ് പലരും ഈ സാഹസത്തിന് മുതിരുന്നത്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചാല്‍ ആഭരണ വിപണിയിലും ഇത് പ്രതിഫലിക്കും എന്നുറപ്പാണ്. നിലവില്‍ 15 ശതമാനം ഇറക്കുമതി നികുതിക്കൊപ്പം മൂന്ന് ശതമാനം ജിഎസ്‌ടി കൂടി ആഭരണങ്ങള്‍ക്ക് ഈടാക്കുന്നുണ്ട്. അതിനൊപ്പം പണിക്കൂലിയും ചേരുമ്പോൾ വൻ തുകയാണ് ഉപഭോക്താക്കളുടെ കീശയിൽ നിന്ന് പോവുന്നത്. തീരുവ കുറച്ചാൽ ഇതിന് പരിഹാരമാവും എന്നാണ് വിലയിരുത്തൽ.