ധോണി രണ്ടാമത്; ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ തിരഞ്ഞെടുത്ത് ഗില്‍ക്രിസ്റ്റ്‌

വരാനിരിക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ പരമ്പരയില്‍ ഓസ്‌ട്രേലിയയെ പിന്തുണച്ചും ഗില്‍ക്രിസ്റ്റ് സംസാരിച്ചു
 

ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ തിരഞ്ഞെടുത്ത് മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ എം എസ് ധോണിയെ രണ്ടാമതായാണ് ഗില്‍ക്രിസ്റ്റ് തിരഞ്ഞെടുത്തത്. ധോണിക്ക് മുന്‍പ് ഒന്നാമതായി ഓസീസ് ഇതിഹാസം റോഡ്‌നി മാര്‍ഷിനെയും മൂന്നാമതായി ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയെയുമാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയായ ഗില്‍ക്രിസ്റ്റ് തിരഞ്ഞെടുത്തത്.

‘ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറില്‍ ഒന്നാമത് റോഡ്‌നി മാര്‍ഷാണ്. ഞാന്‍ ഏറെ ആരാധിക്കുന്ന താരമാണ് മാര്‍ഷ്. അദ്ദേഹത്തെ പോലെ ആകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. രണ്ടാമത് ഞാന്‍ എം എസ് ധോണിയെ പറയും. സാഹചര്യങ്ങളെ ശാന്തമായി കൈകാര്യം ചെയ്യുന്ന ധോണിയുടെ രീതി എനിക്ക് ഇഷ്ടമാണ്. മൂന്നാമത് കുമാര്‍ സങ്കക്കാരയാണ്. അദ്ദേഹം വളരെ ക്ലാസ്സിയാണ്’, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഗില്‍ക്രിസ്റ്റിന്റെ പ്രതികരണം.

 

വരാനിരിക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ പരമ്പരയില്‍ ഓസ്‌ട്രേലിയയെ പിന്തുണച്ചും ഗില്‍ക്രിസ്റ്റ് സംസാരിച്ചു. അവസാന രണ്ട് ടെസ്റ്റ് പരമ്പരകളും വിജയിച്ച ഇന്ത്യ ഹാട്രിക്ക് നേട്ടമാണ് ലക്ഷ്യമിടുന്നത്. എന്നാലും പരമ്പര ഓസ്‌ട്രേലിയ തന്നെ സ്വന്തമാക്കുമെന്നും മത്സരം കടുക്കുമെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

‘സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ തങ്ങളുടെ കരുത്ത് തെളിയിക്കേണ്ട ആവശ്യം ഓസ്‌ട്രേലിയയ്ക്കുണ്ട്. വിദേശത്ത് പോയി മത്സരം എങ്ങനെ വിജയിക്കാമെന്ന് ഇന്ത്യയ്ക്ക് നന്നായി അറിയാം. പക്ഷേ ഞാന്‍ ഓസ്‌ട്രേലിയയെ പിന്തുണയ്ക്കുന്നു. കടുത്ത പോരാട്ടമാണെങ്കിലും ഓസീസ് തന്നെ വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’, ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.

Verified by MonsterInsights