ഭൂചലനമുണ്ടായാല്‍ മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയം ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി ജിയോളജിസ്റ്റ് ഡോ. സി പി രാജേന്ദ്രന്‍. രണ്ട് തവണ ഡാമിനെക്കുറിച്ച് പഠിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഭൂചലനമില്ലാതെ തന്നെ വെള്ളത്തിന്റെ അളവ് ഉയര്‍ന്നാല്‍ ബലക്ഷയമുണ്ടാകാമെന്നാണ് അനുമാനമെന്നും സി പി രാജേന്ദ്രന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ലൈവത്തോണിലായിരുന്നു രാജേന്ദ്രൻ്റെ പ്രതികരണം. സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും അണ്ണാ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് മറ്റൊരു വിദഗ്ദ കമ്മിറ്റിയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
‘2011ല്‍ സെസിന്റെ ആഭിമുഖ്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി പരിശോധന നടത്തി. ആ റിപ്പോര്‍ട്ട് സുപ്രീം കോടതി വരെ ചെന്നു. ഒപ്പം ഐഐടി റൂര്‍ക്കയും പഠനം നടത്തി. കൃത്യമായ ഡാറ്റയില്ലാത്തതിനാല്‍ തന്നെ തിയററ്റിക്കലായാണ് പഠനം നടത്തിയത്. ഐഐടി റിപ്പോര്‍ട്ട് പ്രകാരം ആറ് മാഗ്നിറ്റ്യൂഡിൽ ഭൂമികുലുക്കം ഉണ്ടായാല്‍ ഡാമിന് വിള്ളലുണ്ടാകാനും ബലക്ഷയവും ഉണ്ടാകാനും കാരണമാകും.
ഒരു ഭൂചലനമില്ലാതെ തന്നെ 142 അടി ഉയര്‍ന്നാല്‍ തന്നെ ബലക്ഷയമുണ്ടാകുമെന്നാണ് അനുമാനം. ഈ രണ്ട് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ഡാമിന് ബലക്ഷയമുണ്ടാകുമെന്ന് തിയററ്റിക്കലായി പറയാം. കേരള സര്‍ക്കാര്‍ ഇത് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. സുപ്രീം കോടതി കാര്യമായി നോക്കാതെ അണ്ണാ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് മറ്റൊരു വിദഗ്ദ കമ്മിറ്റിയുണ്ടാക്കി മറ്റൊരു അന്വേഷണ റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. അണ്ണാ യൂണിവേഴ്‌സിറ്റി പഠനത്തെക്കുറിച്ച് എനിക്ക് വലിയ അറിവില്ല. വലിയ ആശങ്കയുടെ പ്രശ്‌നമില്ലെന്നും ഡാം സുരക്ഷിതമാണെന്നുമാണ് ഈ പഠനത്തില്‍ പറയുന്നത്,’ അദ്ദേഹം പറഞ്ഞു.
കൃത്യമായ ഡീഫോര്‍മേഷന്‍ ഡാറ്റ ലഭിക്കാത്തതിന്റെ പ്രതിസന്ധികളെക്കുറിച്ചും സിപി രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. സാറ്റ്‌ലൈറ്റ് ഉപയോഗിച്ചും ഗ്രൗണ്ട് തലത്തിലുള്ള ഡാറ്റ ഉപയോഗിച്ചും വെള്ളത്തിന്റെ അളവ് കൂടുന്തോറും ഡാമിനുണ്ടാകുന്ന പ്രശ്‌നങ്ങളെന്തൊക്കെയാണെന്ന് പഠിക്കാവുന്നതാണ്. ഇത്രയും പഴക്കമുള്ള ഡാമിന്റെ മൂന്ന് വര്‍ഷത്തേക്കുള്ള ഡീഫോര്‍മേഷന്‍ ഡാറ്റ ലഭിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.