പൊക്കമുള്ളവര്‍ക്ക് കാൻസര്‍ വരാനുള്ള സാധ്യത കൂടുതലോ? പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

ഉയരമുള്ളവര്‍ക്ക് ഉയരമില്ലാത്തവരെക്കാൾ കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്ന് വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ട് റിപ്പോര്‍ട്ട്. പരിശോധനയില്‍ 17 കാന്‍സറുകളില്‍ 15 എണ്ണവും പൊക്കമുള്ളവരില്‍ വളരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ഓരോ 10 സെന്റിമീറ്റര്‍ ഉയരവും കാന്‍സര്‍ വരാനുള്ള സാധ്യത 16 ശതമാനം വര്‍ധിപ്പിക്കുന്നതായി കണ്ടെത്തിയെന്നും പഠനത്തില്‍ പറയുന്നു. പൊക്കമുള്ളവരില്‍ പാന്‍ക്രിയാസ്, വന്‍കുടല്‍, ഗര്‍ഭപാത്രം, അണ്ഡാശയം, പ്രോസ്റ്റേറ്റ്, വൃക്ക, ചര്‍മം, സ്തനം എന്നീ അവയവങ്ങളിൽ അര്‍ബുദ സാധ്യതയുള്ളതിന്റെ ശക്തമായ തെളിവുകളുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ ഉയരവും കാന്‍സറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പൂര്‍ണമായും വ്യക്തമല്ലെങ്കിലും ചില സിദ്ധാന്തങ്ങള്‍ ഗവേഷകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

ഒരു കോശം വിഭജിച്ച് പുതിയ കോശങ്ങള്‍ രൂപപ്പെടുമ്പോള്‍ സംഭവിക്കാവുന്ന ജനിതക നാശത്തിന്റെ ക്രമാനുഗതമായ രൂപീകരണം മൂലമാണ് കാന്‍സര്‍ വികസിക്കുന്നതെന്നാണ് ഗവേഷകരുടെ ഒരു നിരീക്ഷണം. മറ്റൊന്ന്, ഉയരം കൂടുമ്പോൾ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനുള്ള ഒരു പൊതു ഘടകം, ഇന്‍സുലിന് സമാനമായ വളര്‍ച്ച ഹോര്‍മോണായ ഐജിഎഫ്-1 ആണ്. ഇത് കുട്ടിക്കാലത്തെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുകയും മുതിര്‍ന്നവരില്‍ കോശ വളര്‍ച്ചയും വിഭജനവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കേടായതോ പ്രായമായതോ ആയവയ്ക്ക് പകരം പുതിയ കോശങ്ങള്‍ ശരീരം നിരന്തരം ഉത്പാദിപ്പിക്കേണ്ടതിനാല്‍ ഈ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണ്.

എന്നാല്‍ ശരീരത്തില്‍ ഐജിഎഫ്-1 ന്റെ അമിതമായ അളവു ദോഷകരമാണ്. ശരാശരി ഐജിഎഫ്-1 അളവില്‍ കൂടുതലുള്ള ആളുകള്‍ക്ക് സ്തനാര്‍ബുദം അല്ലെങ്കില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ രണ്ട് ഘടകങ്ങള്‍ ( കൂടുതല്‍ കോശങ്ങളും ഉയര്‍ന്ന ഐജിഎഫ്-1 അളവും) ഉയരമുള്ളവരില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു എന്നാണ് ഗവേഷകരുടെ വാദം.

 
 
Verified by MonsterInsights