ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശിന് വൻമുന്നേറ്റം; പാകിസ്താന് തിരിച്ചടി

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ബം​ഗ്ലാദേശിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് ടേബിളില്‍ വൻമുന്നേറ്റം. ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇതുവരെ ആറ് മത്സരങ്ങളിൽ മൂന്ന് വിജയവും മൂന്ന് പരാജയവുമുള്ള ബംഗ്ലാദേശ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. 15 മത്സരങ്ങളിൽ എട്ട് വിജയവും ആറ് തോൽവിയും ഒരു സമനിലയമുള്ള ഇം​ഗ്ലണ്ടായിരുന്നു മുമ്പ് നാലാം സ്ഥാനത്തുണ്ടായിരുന്നത്. പുതിയ പട്ടികയിൽ ഇം​ഗ്ലണ്ടിന്റെ സ്ഥാനം അഞ്ചാമതായി.

ഒമ്പത് മത്സരങ്ങളിൽ ആറ് ജയവും രണ്ട് തോൽവിയും ഒരു സമനിലയുമുള്ള ഇന്ത്യയാണ് പട്ടികയിൽ ഒന്നാമത്. ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടിലാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര. പട്ടികയില്‍ ഓസ്ട്രേലിയ രണ്ടാമതും ന്യൂസിലാൻഡ് മൂന്നാം സ്ഥാനത്തുമുണ്ട്.

അതിനിടെ ബം​ഗ്ലാദേശിനോട് സ്വന്തം മണ്ണിൽ പരാജയപ്പെട്ട പാകിസ്താന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. ഏഴ് ടെസ്റ്റില്‍ രണ്ട് ജയവും അഞ്ച് തോല്‍വിയുമുള്ള പാകിസ്താൻ എട്ടാമതാണ്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്താൻ ഇനി ടീമുകൾക്ക് കടുത്ത മത്സരം തന്നെ പുറത്തെടുക്കേണ്ടി വരും. 2025 ജൂണിലായിരിക്കും ഫെെനല്‍. 2021ൽ ന്യൂസിലാൻഡും 2023ൽ ഓസ്ട്രേലിയയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിച്ചു. രണ്ട് തവണയും ഇന്ത്യ ഫൈനൽ കളിച്ചു. എന്നാൽ ഇത്തവണ കിരീടം സ്വന്തമാക്കാൻ ഉറച്ചാണ് ഇന്ത്യൻ സംഘത്തിന്റെ പോരാട്ടം.

Verified by MonsterInsights