സംശയം വേണ്ട, സ്മാർട്ട് ഫോൺ‌ നമ്മള്‍ പറയുന്നതെല്ലാം കേൾക്കുന്നുണ്ട്, ചോര്‍ത്തുന്നുമുണ്ട്!

ശ്ശെടാ ഞാൻ പറയുന്നതൊക്കെ ഫേസ്ബുക്ക് അറിയുന്നുണ്ടോ?’ എന്ന് ആശ്ചര്യപ്പെട്ടിട്ടുള്ളവരാണ് നമ്മൾ. സ്മാർട്ട് ഫോൺ ഉപയോ​ഗിച്ച് സുഹൃത്തിനെ വിളിച്ചതിന് ശേഷമൊക്കെ ഫേസ്ബുക്ക് നോക്കിയാൽ ഫീഡിൽ നിറയെ തൊട്ടുമുമ്പ് സംസാരിച്ച ഏതെങ്കിലും ഉല്പന്നത്തെക്കുറിച്ചുള്ള പരസ്യങ്ങളാകും. ശരിയാണ്, ഫോൺ ഒക്കെ ചോർത്തിക്കൊടുക്കുന്നുണ്ട് ഫേസ്ബുക്കിന് എന്ന് നമ്മൾ തറപ്പിച്ച് പറയാറുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തിന് ശാസ്ത്രീയ സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, ഇപ്പോൾ ഇക്കാര്യം ഒരു മാർക്കറ്റിം​ഗ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നു. സ്മാര്‍ട്‌ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ സംസാരിക്കുന്നത് കേള്‍ക്കാറുണ്ടെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തൽ.

കോക്സ് മീഡിയാ ​ഗ്രൂപ്പ് എന്ന മാർക്കറ്റിം​ഗ് കമ്പനിയാണ് ഇക്കാര്യം സമ്മതിച്ച് രം​ഗത്തെത്തിയത്. ഫേസ്ബുക്കും ​ഗൂ​ഗിളുമെല്ലാം ഈ കമ്പനിയുടെ ഉപയോക്താക്കളാണ്. ആളുകളുടെ സംസാരത്തില്‍ നിന്ന് കാര്യങ്ങൾ മനസിലാക്കാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആക്ടീവ് ലിസനിങ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കോക്‌സ് മീഡിയാ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഈ വിവരങ്ങൾ (ഡാറ്റ) ആളുകളുടെ വ്യക്തി​ഗതവിവരങ്ങളുമായി ചേർത്ത് മാർക്കറ്റിം​ഗ് ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കാൻ കഴിയുമെന്നതാണ് വസ്തുത. ഇങ്ങനെ ഉപഭോക്താക്കളുടെ ശബ്ദം കേള്‍ക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നത് നിയമപരമാണെന്ന് കോക്‌സ് 2023ൽ പറഞ്ഞിരുന്നു. അന്ന് പ്രസിദ്ധീകരിച്ച ലേഖനം പിന്നീട് നീക്കം ചെയ്തിരുന്നു.

 

പുതിയ വെളിപ്പെടുത്തലിന് പിന്നാലെ ഗൂഗിള്‍ തങ്ങളുടെ പാര്‍ട്ട്‌നേഴ്‌സ് പ്രോഗ്രാം വെബ്‌സൈറ്റില്‍ നിന്ന് കോക്‌സ് മീഡിയാ ഗ്രൂപ്പിനെ നീക്കം ചെയ്തിട്ടുണ്ട്. പരസ്യങ്ങള്‍ പ്രചരിപ്പിക്കാൻ ഫോണിന്റെ മൈക്രോഫോണ്‍ തങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും വര്‍ഷങ്ങളായി ഇക്കാര്യം തുറന്നുപറയുന്നുണ്ടെന്നുമാണ് ഫേസ്ബുക്കിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയും മാതൃസ്ഥാപനമായ മെറ്റ പ്രതികരിച്ചത്. കരാർ വ്യവസ്ഥകള്‍ കോക്‌സ് മീഡിയാ ഗ്രൂപ്പ് ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും മെറ്റ പറഞ്ഞു.

 
Verified by MonsterInsights