സംസ്ഥാനത്ത് മായം കലര്‍ന്ന നെയ്യ് ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നതായി ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തി. ഇതേത്തുടര്‍ന്ന് ചോയ്സ്, മേന്മ, എസ്.ആര്.എസ്. എന്നീ ബ്രാന്‍ഡുകളിലുള്ള നെയ്യുത്പാദനവും സംഭരണവും വില്പനയും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ നിരോധിച്ചു. വിപണിയില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചപ്പോഴാണ് നിശ്ചിത ഗുണനിലവാരമില്ലാത്തതാണിവയെന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം അമ്പൂരി ചപ്പാത്തിന്‍കരയിലെ ചോയ്സ് ഹെര്‍ബല്‍സ് നിര്‍മിച്ച നെയ് ബ്രാന്‍ഡുകള്‍ക്കാണ് നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.
ഇവയുടെ ലേബലുകളില്‍ നെയ്യ് എന്നാണുള്ളത്. എന്നാല്‍ ചേരുവകളുടെ പട്ടികയില്‍ നെയ്യ്, സസ്യ എണ്ണ, വനസ്പതി എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. ശുദ്ധമായ നെയ്യ് മാത്രമേ നെയ്യ് എന്ന പേരില്‍ വില്ക്കാന് പാടുള്ളൂ. മറ്റ് എണ്ണകളും കൊഴുപ്പുകളും ചേര്‍ത്ത കൂട്ടുമിശ്രിതം നെയ്യുടെ നിര്‍വചനത്തില്‍ വരില്ല.
അതിനാല്‍ ഇവയുടെ വില്‍പ്പനയും ഉപയോഗവും ഭക്ഷ്യസുരക്ഷാനിലവാര റഗുലേഷനിലെ വ്യവസ്ഥപ്രകാരം തടഞ്ഞിട്ടുള്ളതാണ്. ഇതേത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കമ്മിഷണര്‍ നടപടിയെടുത്തത്.
പ്രമുഖ ബ്രാന്‍ഡുകളുടെ ഗുണനിലവാരമുള്ള ഒരുലിറ്റര്‍ നെയ്യുടെ വില 600 രൂപയ്ക്ക് മുകളിലാണ്. സസ്യയെണ്ണയാണെങ്കില്‍ ഒരുലിറ്ററിന് ശരാശരി വില ഇതിന്റെ നാലിലൊന്നേ
വരൂ. വനസ്പതിക്കും ലിറ്ററിന് 200 രൂപയ്ക്ക് താഴെയാണ്. ഈ വിലവ്യത്യാസമാണ് നെയ്യില്‍ സസ്യയെണ്ണയും വനസ്പതിയും കലര്‍ത്തി വില്‍ക്കാനുള്ള പ്രേരണ. മായം കലര്‍ന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ മറ്റ് ബ്രാന്‍ഡുകളുടെ നെയ്യും ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിക്കും.