അടുത്തമാസം നടക്കുന്ന വനിതകളുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നിയന്ത്രിക്കാൻ വനിതകൾ മാത്രം.
ലോകകപ്പിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) ചൊവ്വാഴ്ച പ്രഖ്യാപിച്ച 10 അമ്പയർമാരും മൂന്നു മാച്ച് റഫറിമാരും വനിതകളാണ്.
ഇന്ത്യയിൽനിന്ന് അമ്പയറായി വൃന്ദാ രതിയും മാച്ച് റഫറിയായി ജി.എസ്. ലക്ഷ്മിയും പട്ടികയിലുണ്ട്. ഒക്ടോബർ മൂന്നുമുതൽ യു.എ.ഇ.യിലാണ് മത്സരങ്ങൾ.
ബംഗ്ലാദേശിലാണ് ഇക്കുറി ടൂർണമെന്റ് നിശ്ചയിച്ചിരുന്നതെങ്കിലും അവിടെ ആഭ്യന്തര പ്രശ്നം ഉയർന്നതിനാൽ വേദി യു.എ.ഇ.യിലേക്ക് മാറ്റുകയായിരുന്നു. ആദ്യമായാണ് വനിതകൾ മാത്രമായി ഒരു ലോകകപ്പ് ക്രിക്കറ്റ് നിയന്ത്രിക്കുന്നത്.
ഓസ്‌ട്രേലിയക്കാരിയായ ക്ലെയർ പൊളോസാക്കാണ് പട്ടികയിലെ ഏറ്റവും പരിചയസമ്പന്നയായ അമ്പയർ.പൊളോസാക്കിന്റെ അഞ്ചാം ലോകകപ്പാണിത്. നാല് ലോകകപ്പുകൾവീതം നിയന്ത്രിച്ച രണ്ടുപേർ ഇക്കൂട്ടത്തിലുണ്ട്.
ലോകകപ്പ് നടത്തിപ്പിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നതിൽ അഭിമാനമുണ്ടെന്ന് ഈ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് െഎ.സി.സി. മാനേജർ സീൻ ഈസെ പറഞ്ഞു.
ഇന്ത്യയുൾപ്പെടെ പത്തു ടീമുകൾ ലോകകപ്പിൽ കളിക്കും. ഓസ്‌ട്രേലിയയാണ് നിലവിലെ ജേതാക്കൾ. ഇന്ത്യ ഇതുവരെ വനിതാ ലോകകപ്പ് ജയിച്ചിട്ടില്ല.ഈവർഷം പുരുഷൻമാരുടെ ട്വന്റി 20 ലോകകപ്പിൽ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ കിരീടം നേടിയിരുന്നു. അതിനുപിന്നാലെ വനിതകളുടെ കിരീടവും സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇറങ്ങുന്നത്. ടീമിൽ സജ്ന സജീവൻ, ആശാ ശോഭന എന്നീ രണ്ടു മലയാളികളുണ്ട്.