ആദ്യത്തെ ഓഗ്‌മെൻ്റഡ് റിയാലിറ്റി (എആർ) ഗ്ലാസുമായി മെറ്റാ; വിപണിയിലെത്താൻ വൈകും

ആദ്യത്തെ ഓഗ്‌മെൻ്റഡ് റിയാലിറ്റി (എആർ) ഗ്ലാസുകളായ മെറ്റാ ഓറിയോൺ ബുധനാഴ്ച നടന്ന മെറ്റാ കണക്ട് 2024-ൽ പ്രദർശിപ്പിച്ചു. മിക്സഡ് റിയാലിറ്റിയും വേറബിൾസിൻ്റെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വാർഷിക കോൺഫറൻസിലാണ് ഫേസ്ബുക്കിൻ്റെ മാതൃസ്ഥാപനമായ മെറ്റ അതിൻ്റെ എആർ ഗ്ലാസുകളുടെ ഒരു പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ചത്. ഹോളോഗ്രാഫിക് ഡിസ്പ്ലേകളും മെറ്റാ എഐക്കുള്ള ഫീച്ചർ പിന്തുണയുമെല്ലാം ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. നിലവിൽ ഉപകരണത്തിൻ്റെ വാണിജ്യപതിപ്പ് വിൽപനയ്ക്കായി ഉടൻ ലഭ്യമാകില്ല. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് ഉപയോക്താക്കൾക്ക് ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പ്രൊജക്റ്റ് നസാരെ എന്ന രഹസ്യനാമം നൽകിയായിരുന്നു എആർ ഫീച്ചറുകളുള്ള മെറ്റാ ഓറിയോൺ ഗ്ലാസുകൾ ഒരു ജോടി സാധാരണ കണ്ണടകൾ പോലെ രൂപകൽപ്പന ചെയ്തത്. ഹോളോഗ്രാഫിക് ഡിസ്‌പ്ലേകൾ സജ്ജീകരിച്ചിരിക്കുന്നതിനാൽ അത് ധരിക്കുന്നവരുടെ കാഴ്ചാ പരിധിക്കുള്ളിലെ വസ്തുക്കളുടെ മുകളിൽ 2D, 3D കാഴ്ച സാധ്യമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. മൾട്ടി-ടാസ്‌കിംഗ് കൈകാര്യം ചെയ്യാനും വീഡിയോ പ്ലേബാക്കിനും ഉപകരണത്തിന് കഴിയുമെന്നാണ് മെറ്റയുടെ വാഗ്ദാനം. ആളുകളുടെ അതേ വലിപ്പത്തിലുള്ള ലൈഫ്-സൈസ് ഹോളോഗ്രാമുകൾ പോലും പ്രദർശിപ്പിക്കാൻ ഇവയ്ക്ക് കഴിയും.

എആർ ആപ്പുകൾക്കും വിനോദ ഫീച്ചറുകൾക്കുമുള്ള പിന്തുണ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഓറിയോൺ AR ഗ്ലാസുകളുടെ പ്രോട്ടോടൈപ്പ് മെറ്റാ എഐയിലും പ്രവർത്തിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. മെറ്റയുടെ ആശയവിനിമയ ആപ്ലിക്കേഷനുകളായ വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചർ എന്നിവയ്‌ക്കൊപ്പം ഓറിയോൺ എആർ ഗ്ലാസുകളുടെ പ്രോട്ടോടൈപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും മെറ്റ പറയുന്നു. ഇത് ധരിക്കുന്നയാളെ ഹോളോഗ്രാഫിക് ഡിസ്‌പ്ലേ വഴിയാണ് സന്ദേശങ്ങൾ കാണാനും അയയ്‌ക്കാനും അനുവദിക്കുന്നത്.

മെറ്റാ ഓറിയോൺ തൽക്കാലം ഉപഭോക്താക്കൾക്ക് ലഭ്യമാകില്ലെന്നാണ് കമ്പനി പറയുന്നത്. ഓറിയോണിൻ്റെ മാതൃകയിൽ നിർമ്മിക്കുന്ന മെറ്റയുടെ കൺസ്യൂമർ എആർ ഗ്ലാസുകൾ വികസിപ്പിക്കുന്നതിന് കമ്പനിയുടെ ജീവനക്കാർക്ക് പ്രോട്ടോടൈപ്പ് ഉപയോഗിക്കാൻ കഴിയും.’സെലക്ട് എക്‌സ്‌റ്റേണൽ’ വഴി പ്രേക്ഷകർക്കും എആർ ഗ്ലാസുകളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കുമെന്നും സ്ഥാപനം പറയുന്നു.എആർ ഗ്ലാസുകളുടെ വാണിജ്യ പതിപ്പ് എപ്പോൾ പ്രതീക്ഷിക്കാം എന്നതിനെക്കുറിച്ച് മെറ്റ വ്യക്തത വരുത്തിയിട്ടില്ല. ഗവേഷണ-വികസനത്തിൻ്റെ ഭാഗമായി നിർമ്മിച്ച പുതിയ ഉപകരണങ്ങൾ ‘അടുത്ത കുറച്ച് വർഷങ്ങളിൽ’ പ്രതീക്ഷിക്കുമെന്ന് മാത്രമാണ് കമ്പനി പറയുന്നത്.

Verified by MonsterInsights