ഉറക്കം പ്രധാനം; കാൻസറിനെ പ്രതിരോധിക്കാൻ കരുതൽ വേണം ഈ നാലുശീലങ്ങളിൽ.

ജനിതകം, പാരിസ്ഥിതികം, ജീവിതശൈലി എന്നുതുടങ്ങി കാൻസറിന് നിരവധി ഘടകങ്ങൾ കാരണമാകാറുണ്ട്. എന്നാൽ ചില കാൻസറുകൾ നേരത്തേ പ്രതിരോധിക്കാവുന്നവയുമാണ്. ജീവിതശൈലിയിൽ നാല് പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തി കാൻസറിനെ പ്രതിരോധിക്കാം എന്നുപറയുകയാണ് ​ഗവേഷകർ. അമേരിക്കയിലെ മാസ് ജനറൽ ബ്രി​ഗാമിൽ നിന്നുള്ള ​ഗവേഷകരാണ് ഇതേക്കുറിച്ച് പങ്കുവെച്ചത്. ​​ഗവേഷണങ്ങൾക്കും വിലയിരുത്തലുകൾക്കുമൊടുവിൽ കാൻസർ സാധ്യത ശീലങ്ങളിൽ വരുത്തേണ്ട നാലുമാറ്റങ്ങളേക്കുറിച്ചാണ് ​ഗവേഷകർ പങ്കുവെച്ചത്. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.

സ്ക്രീനിങ്ങുകൾ പ്രധാനം

കാൻസർ പ്രതിരോധത്തിൽ സ്ക്രീനിങ്ങുകൾക്ക് വലിയ പ്രാധാന്യമാണുള്ളത്. സ്തനാർബുദം, കോളൻ കാൻസർ തുടങ്ങിയ പല കാൻസറുകളും നേരത്തേയുള്ള സ്ക്രീനിങ്ങുകളിലൂടെരോ​ഗസ്ഥിരീകരണം നടത്താവുന്നതും അപകടാവസ്ഥ പ്രതിരോധിക്കാവുന്നതുമാണ്. ലക്ഷണങ്ങൾ കാണുമ്പോൾ കാൻസറാകുമെന്ന് ഭയന്ന് സ്ക്രീനിങ്ങുകൾക്ക് തയ്യാറാകാത്തതാണ് പലരുടെയും പ്രധാനപ്രശ്നമെന്ന് മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ​ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. അഡോജ അന്യാനെ യെബോവ പറയുന്നു. കാൻസർ സാധ്യത കുറയ്ക്കാനും ​ഗുരുതരാവസ്ഥയിലേക്ക് എത്തുംമുമ്പേ തിരിച്ചറിയാനും സ്ക്രീനിങ്ങ് പരിശോധനകളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും രക്തബന്ധത്തിലുള്ളവർക്ക് കാൻസറുണ്ടെങ്കിൽ നിർബന്ധമായും സ്ക്രീനിങ് നടത്തിയിരിക്കണമെന്നും ​ഗവേഷകർ പറയുന്നു.

 

ഉറക്കം നിസ്സാരമാക്കരുത്
പലരും ഉറക്കത്തിന് വേണ്ടത്ര പ്രാധാന്യം നൽകാത്തവരാണ്. ഇതും കാൻസറും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നും കാൻസർ പ്രതിരോധത്തിന് സുഖകരമായ ഉറക്കം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ​ഗവേഷകർ പറയുന്നു. ഉറക്കക്കുറവും ഒവേറിയൻ കാൻസറും സംബന്ധിച്ച പലപഠനങ്ങളും നടന്നിട്ടുമുണ്ട്. ഒവേറിയൻ കാൻസർ ബാധിതരിൽ ഉറക്കക്കുറവ് പ്രധാന പ്രശ്നമായി കണ്ടിരുന്നുവെന്ന് ബ്രി​ഗാമിലെ വുമൺസ് ഹോസ്പിറ്റലിൽ നിന്നുള്ള അസിസ്റ്റന്റ് പ്രൊഫസർ ​​ഹെമിങ് വാങ് പറഞ്ഞു.

ആസ്പിരിൻ ഉപയോ​ഗം.
ആസ്പിരിൻ ഉപയോ​ഗവും കാൻസർ പ്രതിരോധവും തമ്മിലും ബന്ധമുണ്ടെന്ന് ​ഗവേഷകർ പറയുന്നു. 
ആസ്പിരിൻ ഉപയോ​ഗത്തിലൂടെ കോളറക്റ്റൽ കാൻസർ പ്രതിരോധിക്കാമെന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്.അതേസമയം ശരീരത്തിൽ വീക്കം ഉൾപ്പെടെ ഉണ്ടാകുന്ന പ്രശ്നങ്ങളും ആസ്പിരിൻ ഉണ്ടാക്കുന്നുണ്ടെന്ന് വിദ​ഗ്ധർ പറയുന്നുണ്ട്. അമിതവണ്ണം, പുകവലിശീലം, മദ്യാസക്തി,വ്യായാമമില്ലായ്മ, അനാരോ​ഗ്യകരമായ ഭക്ഷണരീതി തുടങ്ങിയ ജീവിതശൈലി പിന്തുടരുന്നവരിൽ ആസ്പിരിൻ ഉപയോ​ഗം ​ഗുണംചെയ്യുമെന്നാണ് ​ഗവേഷകർ പറയുന്നത്. എന്നാൽ ആരോ​ഗ്യകരമായ ജീവിതരീതി പിന്തുടരുന്നവരിൽ കോളൻ കാൻസറിനുള്ള സാധ്യത കുറവുമാണ്.





പഞ്ചസാര പാനീയങ്ങൾ പ്രശ്നം

പലരും പഞ്ചസാരയുടെ അളവ് ധാരാളം കൂടുതലുള്ള പാനീയങ്ങൾക്ക് അടിമകളാണ്. ദിവസവും ഇത്തരത്തിലുള്ള പാനീയങ്ങൾ കുടിക്കുന്നവരിൽ അമിതവണ്ണവുമായി ബന്ധപ്പെട്ടുള്ള  
കാൻസറിനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കൻ കാൻസർ സൊസൈറ്റി പറയുന്നുണ്ട്. അതിനാൽ ഇവയുടെ ഉപയോ​ഗം കുറയ്ക്കുന്നതും കാൻസർ പ്രതിരോധത്തിന് സഹായകമാകും.


Verified by MonsterInsights