വലിയ വിലയുള്ള അര്‍ബുദമരുന്നുകളുടെ ദുരുപയോഗം തടയാന്‍ നടപടികള്‍ വരുന്നു. രാജ്യത്ത് വിപണിയിലെത്തുന്ന എല്ലാ അര്‍ബുദ മരുന്നുകളെയും ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തും. ഇതോടെ മരുന്നുകളുടെ ലേബലിനൊപ്പം ക്യൂ.ആര്. കോഡ് നിര്‍ബന്ധമാകും. ഇതുസംബന്ധിച്ച ശുപാര്‍ശ ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി കമ്മിറ്റിയാണ് അംഗീകരിച്ചത്.അര്‍ബുദമരുന്നുകളുടെ വിപണനരംഗത്ത് കാര്യമായ വെല്ലുവിളികള്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. മരുന്നുകളുടെ വില കുറയ്ക്കാനുള്ള ചില ശ്രമങ്ങള്‍ അധികൃതര്സ്വീകരിച്ചുവരുകയാണ്. ഇതിനിടെയാണ് ഇത്തരം മരുന്നുകളുടെ വ്യാജന് പിടിയിലാകുന്നത്. ഉത്തരേന്ത്യയില്‍ പല സ്ഥലത്തുനിന്നും വ്യാജമരുന്ന് പിടിയിലായതോടെയാണ് ഡ്രഗ്സ് കണ്ട്രോള് വിഭാഗം ഇടപെടലിന് ശ്രമം തുടങ്ങിയത്. ഉപയോഗിച്ചുകഴിഞ്ഞ കുത്തിവെപ്പ് മരുന്നുകളുടെ വയാല് ശേഖരിച്ചാണ് വ്യാജമരുന്നു നിര്‍മിക്കുന്നത്. രോഗികള്‍ക്ക് ധനനഷ്ടത്തിനു പുറമേ ജീവന് ഭീഷണിയാകുമെന്നതും കണക്കിലെടുത്താണ് ഇടപെടല്‍.
ലേബലിനൊപ്പം ക്യൂ.ആര്. കോഡോ ബാര്‍ കോഡോ ആവശ്യമുള്ള 300 ഇനം മരുന്നുകളുടെ ഷെഡ്യൂള്‍ രണ്ട് പട്ടിക 2023 ഓഗസ്റ്റ് ഒന്നുമുതലാണ് നിലവില്‍ വന്നത്. ഇത്തരം മരുന്നുകളുടെ പ്രധാന കവറില്‍ത്തന്നെ കോഡുകള്‍ പതിക്കണമെന്നാണ് വ്യവസ്ഥ.