ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഡര്‍ബനിലെ കിങ്സ് മീഡ് സ്റ്റേഡിയത്തില്‍ രാത്രി 8.30ന് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കും. ബംഗ്ലാദേശ് പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഓപണറാകും. അഭിഷേക് ശര്‍മയാണ് സഹ ഓപണര്‍.
ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് കീഴില്‍ ഹാട്രിക്ക് പരമ്പര നേട്ടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യ ക്യാപ്റ്റൻസി ഏറ്റെടുത്തതിന് ശേഷം രണ്ട് ടി20 പരമ്പരകള്‍ ഇന്ത്യ ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായിരുന്നു ഇന്ത്യയുടെ പരമ്പര നേട്ടം. 2024 ടി20 ലോകകപ്പ് ഫൈനലിന്റെ ആവര്‍ത്തനം കൂടിയാണിതെന്നാണ് മറ്റൊരു പ്രത്യേകത. അന്ന് ഏഴ് റണ്ണിന് ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ചാണ് ഇന്ത്യ ലോകകിരീടം ഉയർത്തിയത്.
മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിങ് വിരുന്ന് കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ബംഗ്ലാദേശിനെതിരെ സഞ്ജു പുറത്തെടുത്ത വെടിക്കെട്ട് പ്രകടനം ഡർബനിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശ് പരമ്പരയിലെ അവസാനമത്സരത്തിൽ സഞ്ജു നിർണായക സെഞ്ച്വറി നേടിയിരുന്നു. 2023ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിലും സഞ്ജു സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.
ഗൗതം ഗംഭീറിന്റെ അഭാവത്തില്‍ വി വി എസ് ലക്ഷ്മണ്‍ ആണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ഒരുക്കത്തിലാണ് ഗംഭീർ. ഈ സാഹചര്യത്തിലാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ലക്ഷ്മണെ കോച്ചായി നിയമിച്ചത്. രമണ്‍ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്, യാഷ് ദയാല്‍ എന്നിവരാണ് ഇന്ത്യന്‍ ടീമിലെ പുതുമുഖങ്ങള്‍. ഹാര്‍ദിക് പാണ്ഡ്യയും ടീമിലുണ്ട്.
അതേസമയം എയ്ഡന്‍ മാര്‍ക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീം കരുത്തുറ്റ നിരയുമായാണ് എത്തുന്നത്. ട്വന്റി 20 ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് കണക്ക് തീര്‍ക്കാന്‍ കൂടിയാണ് പ്രോട്ടീസ് സ്വന്തം തട്ടകത്തിൽ ഇറങ്ങുക.