വരും വർഷത്തെ വാട്സാപ്പ് അനുഭവം രസകരമാക്കാൻ പുതിയ കുറേ ഫീച്ചറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മെറ്റ. ആകർഷകമായ പുതിയ കോളിങ് ഇഫക്ടുകളാണ് അതിലൊന്ന്. പുതുവർഷത്തിന്റെ വരവോടനുബന്ധിച്ച് ന്യൂഇയർ തീമിലാണ് പുതിയ വീഡിയോ കോൾ ഇഫക്ടുകൾ. എന്നാൽ ഈ ന്യൂ ഇയർ തീം കോൾ ഇഫക്ടുകൾ പരിമിതകാലത്തേക്ക് മാത്രമേ കിട്ടൂ. ഇതിന് പുറമെ ആഘോഷം കൊഴുപ്പിക്കാൻ പുതിയ ആനിമേഷനുകളും സ്റ്റിക്കർ പാക്കുകളും വാട്സാപ്പ് അവതരിപ്പിച്ചു.
പുതുവർഷത്തെ വരവേൽക്കുന്ന ആഘോഷത്തിമിർപ്പിൽ വീഡിയോകോളുകൾ കൂടുതൽ വർണാഭമാക്കുകയാണ് വാട്സാപ്പിന്റെ പുതിയ ന്യൂ ഇയർ തീമുകൾ.

മറ്റ് പുതിയ ഫീച്ചറുകൾ
ചാറ്റുകൾ കൂടുതൽ സജീവമാക്കാൻ ടൈപ്പിങ് ഇൻഡിക്കേറ്ററുകൾ അടുത്തിടെയാണ് വാട്സാപ്പ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ഗ്രൂപ്പ് ചാറ്റുകളിലെ പ്രൊഫൈൽ ചിത്രത്തിനൊപ്പവും ആരാണ് ടൈപ്പ് ചെയ്യുന്നത് എന്നതിന്റെ ഇൻഡിക്കേറ്ററുകൾ പ്രദർശിപ്പിക്കാനും ആരംഭിച്ചിട്ടുണ്ട്. ശബ്ദ സന്ദേശങ്ങൾ ടെക്സ്റ്റ് ആയി കാണാനാവുന്ന വോയ്സ് മെസേജ് ട്രാൻസ്ക്രിപ്റ്റും മറ്റൊരു പുതിയ ഫീച്ചറാണ്.