വൈകിട്ടെന്താ പരിപാടി?’ എന്ന ചോദ്യം കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. വൈകുന്നേരങ്ങളാണ് മറ്റുസമയങ്ങളെ അപേക്ഷിച്ച് പലരും മദ്യപാനത്തിനായി തിരഞ്ഞെടുക്കാറുള്ളതും. ഈ സമയം ഉള്ളിലെത്തുന്ന മദ്യം ശരീരത്തിലെ ഏതാണ്ടെല്ലാ അവയവങ്ങളെയും ബാധിക്കുന്നതിനാല്‍ ആരോഗ്യത്തിന് ഹാനികരവുമാണ്.
മദ്യം പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും താളം തെറ്റും. ഇതോടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കും, പലതും മറന്നു പോകും എന്നുവേണ്ട ഒട്ടേറെ പ്രശ്നങ്ങള്‍ തലപൊക്കും. അമിതമായ അളവില്‍ മദ്യം അകത്തെത്തുന്നതോടെ കരള്‍ പിണങ്ങും. പിന്നാലെ ഫാറ്റി ലിവര്‍, മഞ്ഞപ്പിത്തം, സിറോസിസ് എന്ന് വേണ്ട മറ്റ് അസുഖങ്ങള്‍ അകമ്പടിയായെത്തും. ഹൃദയത്തിനും സാരമായ ക്ഷീണം സംഭവിക്കും. കാര്‍ഡിയോമയോപ്പതി, ഉയര്‍ന്ന രക്തസമ്മര്‍ദം എന്നിവയുമുണ്ടാകും.
വയറിനും മദ്യത്തോട് അത്ര പ്രതിപത്തിയൊന്നുമില്ലെന്നതാണ് വാസ്തവം. അള്‍സര്‍ മുതല്‍ ദഹന പ്രശ്നങ്ങള്‍ വരെ തലപൊക്കം. സ്മോളടി പതിവാക്കിയാല്‍ ശരീരത്തിന്റെ പ്രതിരോധ ശക്തി കുറയും. ഇതോടെ അതിവേഗം രോഗങ്ങള്‍ പിടിപെടും. വായ, തൊണ്ട, കരള്‍, സ്തനങ്ങള്‍ എന്നിവയില്‍ കാന്‍സര്‍ വരാനുള്ള സാധ്യതകളും ഏറെയാണ്.
ശരീരത്തിന്റെ ഫിറ്റ്നസ് നോക്കുന്നവരുള്‍പ്പടെ മദ്യത്തില്‍ നിന്നുള്ള കാലറിയെ പലപ്പോഴും മറന്ന് പോകാറുണ്ട്. ഒരു ഗ്രാം മദ്യത്തില്‍ നിന്ന് ശരീരത്തിലെത്തുന്നത് നാല് കാലറി പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റും ഒന്‍പത് കാലറി കൊഴുപ്പുമാണ്. ഇത് തരിമ്പ് പോലും ഗുണം ചെയ്യില്ലെന്നും ഡയറ്റീഷന്മാര് പറയുന്നു.
രാത്രിയിലെ മദ്യപാനം ശരീരത്തിന് കൂടുതല്‍ ഹാനികരമാണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. അത്താഴത്തിന് ശേഷം മദ്യപിക്കുമ്പോഴും അത്താഴത്തിന് മുന്‍പ് മദ്യപിക്കുമ്പോഴും കണക്കറ്റ അളവിലാണ് ആളുകള്‍ ഭക്ഷണം അകത്താക്കുന്നത്. അമിതമായ അളവില്‍ ഭക്ഷണം ഉള്ളിലെത്തുക മാത്രമല്ല, മദ്യപിച്ച ശേഷം ശരീരം മെല്ലെ മയക്കത്തിലാഴും. മതിയായ വ്യായാമങ്ങള്‍ ലഭിക്കുകയുമില്ല. പാര്‍ട്ടിക്ക് ശേഷം ആളുകള്‍ ജിമ്മില്‍ പോയെന്ന് തന്നെ കരുതിയാലും സാധാരണഗതിയിലുള്ള ഉന്‍മേഷമുണ്ടാകില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.