ഇടവിളയായും കൃഷി ചെയ്യാം; ഇനി സാധ്യത ഈ കിഴങ്ങുവിളകൾക്ക്; 4 ലക്ഷത്തിനു മുകളിൽ വരുമാനം

കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കാനുള്ള ശേഷിയും ജൈവക്കൃഷിപോലുള്ള കാലാവസ്ഥാ അനുരൂപനരീതികളും കിഴങ്ങുവിളകളുടെ ആനുകാലിക പ്രാധാന്യം വർധിപ്പിക്കുന്നു. വൃക്ഷവിള അധിഷ്ഠിതക്കൃഷിയാണ് ഇവിടെയുള്ളതെന്നതും കിഴങ്ങുവിളകളെല്ലാം ഇടവിളക്കൃഷിക്കു യോജ്യമാണെന്നതും മറ്റൊരു സാധ്യതയാണ്. കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (സിടിസിആർഐ) പുറത്തിറക്കിയ ഇനങ്ങൾ വൈറ്റമിനുകൾ, നിരോക്സീകാരികൾ, ധാതുക്കൾ തുടങ്ങി പല പോഷകപദാർഥങ്ങളുടെയും സമ്പുഷ്ട സ്രോതസ്സാണ്. വിവിധ ആവശ്യങ്ങൾക്കും കാർഷിക ആവാസയൂണിറ്റുകൾക്കും യോജിച്ച 75 കിഴങ്ങുവിള ഇനങ്ങൾ സിടിസിആർഐ കർഷകരിലെത്തിച്ചിട്ടുണ്ട്.

ഒന്നു–രണ്ടു ലക്ഷം രൂപവരെ വിവിധ കിഴങ്ങുവിളകൾക്ക് ഉൽപാദനച്ചെലവുണ്ട്. സംസ്ഥാനത്ത മറ്റു വിളകളേക്കാളൊക്കെ അറ്റാദായം ലഭിക്കുന്ന വിളകളാണ് ഇവയിൽ മിക്കതും. ഏറ്റവും ആദായം ലഭിക്കുന്നത് ചേനക്കൃഷിയിലാണ്.

മരച്ചീനി

കേരളത്തിൽ ഒരു ഹെക്ടറിൽനിന്നു ലഭിക്കുന്ന 42 ടൺ മരച്ചീനി രാജ്യത്തിന്റെ ശരാശരി വിളവിലും അധികമാണ്. ഒരു ഹെക്ടറിൽനിന്നു കിഴങ്ങു വിറ്റു ലഭിക്കുന്ന 4,63,473 രൂപയിൽ ഒന്നര – 2 ലക്ഷം രൂപ ചെലവ് കുറച്ചാൽ കിട്ടുന്ന ലാഭം മറ്റു പല വിളകളേക്കാളും കൂടുതലാണ്. മരച്ചീനിയിൽനിന്ന് ഒരു കൂട്ടം മൂല്യവർധിത ഉല്‍പന്നങ്ങളുണ്ടാക്കാം. സ്ത്രീ സ്വയംസഹായസംഘങ്ങൾ, കർഷകോല്‍പാദന കമ്പനികൾ തുടങ്ങിയ കൂട്ടായ്മകൾ ഇത്തരം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കിഴങ്ങുവിളകൾ ‘ഒരു ജില്ല ഒരു ഉൽപന്നം’ പദ്ധതിയിൽ ഉൾപ്പെട്ടതായതുകൊണ്ട് വൈവിധ്യവൽക്കരണത്തിനു ധാരാളം സഹായം ലഭിക്കും. പുതുവർഷം മരച്ചീനികർഷകർക്കു നൽകുന്ന മികച്ച സാധ്യതയാണിത്.

 ചേന

വളരെയേറെ ആരോഗ്യഗുണങ്ങളുള്ള ചേനയിൽനിന്നു വലിയ ലാഭമാണ് കർഷകർക്ക് ലഭിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചേനക്കൃഷി ചെയ്യുന്ന ചേനഗ്രാമമായ മലപ്പുറത്തെ ആലിപ്പറമ്പ് പഞ്ചായത്തിലെ കർഷകർതന്നെ മികച്ച ഉദാഹരണം. ഓണം മാർക്കറ്റ് ലക്ഷ്യമിട്ടുള്ള ഇവിടത്തെ ചേനക്കൃഷി വളരെ സവിശേഷതകളുള്ളതാണ്. പല മൂല്യവർധിത ഉല്‍പന്നങ്ങളും ഇവിടെ ചേനയിൽനിന്ന് ഉണ്ടാക്കുന്നുണ്ട്. 

മധുരക്കിഴങ്ങ്

സിടിസിആർഐയുടെ ബയോഫോർട്ടിഫൈഡ് ഇനങ്ങൾ പ്രചാരത്തിലായതോടെ മധുരക്കിഴങ്ങുകൃഷിയിൽ ഉണർവുണ്ട്. വൈറ്റമിൻ-എയുടെ മുൻഗാമിയായ ബീറ്റാകരോട്ടീൻ അടങ്ങിയ ശ്രീ കനക, ഗൗരി, ഭൂസോണ തുടങ്ങി വിവിധ ഇനങ്ങൾ പ്രചാരത്തിലായിക്കഴിഞ്ഞു. പല കമ്പനികളും ബേബി ഫുഡുകൾ, ഉപ്പേരികൾ തുടങ്ങി വിവിധ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന വ്യവസായങ്ങൾ തുടങ്ങുകയും മറ്റു പലരും വ്യവസായങ്ങൾ തുടങ്ങുന്നതിന്റെ വിവിധ ഘട്ടങ്ങളിലുമാണ്. കൂടാതെ പോഷകക്കുറവ് നേരിടുന്ന ആദിവാസിമേഖലകളിലും ഇത്തരം മധുരക്കിഴങ് വളരെ വ്യാപകമായി പ്രചാരത്തിലാക്കുന്ന ശ്രമത്തിലാണ്. മൂന്നാമതായി നഗരമേഖലകളിൽ ലംബക്കൃഷിയിലും മണ്ണില്ലാക്കൃഷിയിലും മധുരക്കിഴങ്ങിന് ഏറെ പ്രചാരം കിട്ടുന്നുണ്ട്.

Verified by MonsterInsights