റബർ കർഷകർക്കു തിരിച്ചടിയായി വിലയിടിവും തൊഴിലാളി ക്ഷാമവും

പ്രതീക്ഷ ഉയർത്തി റബർ കാർഷികമേഖല വീണ്ടും സജീവമാകുമ്പോൾ വെല്ലുവിളിയായി വിലയിടിവും തൊഴിലാളി ക്ഷാമവും. സമീപകാലത്തെ ഏറ്റവും ഉയർന്ന വില ലഭിക്കുമ്പോൾ പീക്ക് ടാപ്പിംഗ് സീസണിലേക്കു റബർ കർഷകർ കടന്നിരിക്കുന്ന സാഹചര്യത്തിലാണു പുതിയ പ്രതിസന്ധികൾ. ഒമ്പതു വർഷത്തെ ഇടവേളയ്ക്കുശേഷം 180 കടന്ന റബർ വില ഇപ്പോൾ 165-163 രൂപയിലേക്കു താഴ്ന്നു. മഴ കുറഞ്ഞതോടെ കർഷകർ ടാപ്പിംഗിനായി ഒരുങ്ങുമ്പോഴാണു വിലയിടിവ്. 115 രൂപ കടന്ന ഒട്ടുപാൽ വിലയും അൽപ്പം കുറഞ്ഞു മരവിച്ചു നിൽക്കുകയാണ്. ഇതിനൊപ്പമാണു പുതുതായി ആരും കടന്നുവരാത്ത മേഖലയായതിനാൽ ടാപ്പർമാരെ ലഭ്യമല്ലാത്ത സാഹചര്യം വന്നിരിക്കുന്നത്.

valam depo

മികച്ച വില ലഭിക്കുമ്പോഴും അതു മുതലാക്കാനുള്ള അവസരം കർഷകർക്ക് നഷ്ടപ്പെടുകയാണ്. കാലവർഷ സീസണിലെ അവസാന ന്യൂനമർദവും ഏതാനും ദിവസത്തിനുള്ളിൽ കടന്നുപോകുന്നതോടെ ടാപ്പിംഗ് ആരംഭിക്കാമെന്ന പ്രതീക്ഷ കർഷകർക്കുണ്ട്. മേയ് മുതൽ പ്ലാസ്റ്റിക് ഒട്ടിച്ച് ടാപ്പിംഗ് നടത്താറുണ്ടെങ്കിലും ഓഗസ്റ്റ് മുതൽ ഫെബ്രുവരി വരെയാണ് ടാപ്പിംഗ് സീസൺ. ആഭ്യന്തര ഉത്പാദനത്തിന്റെ 70 ശതമാനവും നടക്കുന്നത് ഇക്കാലയളവിലാണ്. താരതമ്യേന മികച്ച വിലയും അനുകൂല കാലാവസ്ഥയും കർഷകർക്കു പ്രതീക്ഷ പകരുന്നു. വിലക്കുറവിനെത്തുടർ ന്നു വർഷങ്ങളായി ടാപ്പ് ചെയ്യാതെ കിടന്നിരുന്ന തോട്ടങ്ങളിലെല്ലാം ഇത്തവണ ടാപ്പിംഗ് പുനരാരംഭിക്കുകയാണ്.റബർ മരങ്ങൾ വെട്ടി മറ്റു കൃഷികളിലേക്കു തിരിയാനിരുന്നവരും ഒരു വർഷം കൂടി ടാപ്പ് ചെയ്യാനുള്ള ശ്രമത്തോടെ സീസൺ സജീവമായി. ഇതോടെ ഈ വർഷം ഏറ്റവും ഉയർന്ന റബർ ഉത്പാദനമാണ് റബർ ബോർഡ് പ്രതീക്ഷിക്കുന്നത്. നിർത്തിവച്ചിരുന്ന വളപ്രയോഗവും പലയിടങ്ങളിലും പുനരാരംഭിച്ചിട്ടുണ്ട്. കൂലിയിലെ വർധനയും വളം വിലയിലെ ഏറ്റക്കുറച്ചിലും ഇടത്തരം കർഷകർക്കു തിരിച്ചടിയാകുന്നു.

indoor ad

വാഹനമേഖല, കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെ നിർമാണം എന്നിവയിൽ റബറിന് ആവശ്യം കൂടിയ സാഹചര്യത്തിൽ വിലയിൽ വൻ ഉയർച്ച കർഷകർ പ്രതീക്ഷിച്ചിരുന്നു. രാജ്യാന്തര മേഖലയിലെ ക്ഷാമം, വിദേശ റബർ കൊണ്ടുവരാനുള്ള ചെലവിലെ വർധന, ഇറക്കുമതി നിയന്ത്രണങ്ങൾ എന്നിവയുള്ളതിനാൽ വില 200 കടക്കുമെന്നും കർഷകർ പ്രതീക്ഷിച്ചിരുന്നു. സീസൺ തുടക്കത്തിൽ വില കുറയുന്നതു കർഷകരെ നിരാശരാക്കുന്നു. 60 ടാപ്പിംഗ് ദിനങ്ങളെങ്കിലും ലഭിച്ചാലും മുൻവർഷങ്ങളിലെ നഷ്ടം നികത്താൻ മതിയാകില്ലെങ്കിലും താത്കാലിക ആശ്വാസമാകുമെന്നു കർഷകർ പറയുന്നു. രാസവിള വില അടിക്കടി കൂടുന്നത് വളപ്രയോഗത്തിൽ നിന്നും പല കർഷകരെയും പിന്തിരിപ്പിക്കുന്നു. ടാപ്പിംഗിനും പാൽ ശേഖരണത്തിനുമായി ഉപയോഗിക്കുന്ന കത്തി, ചില്ല്, ചിരട്ട, കമ്പി തുടങ്ങിയവയുടെ വില വർധനയും തിരിച്ചടിയാകുന്നു. ടാപ്പിംഗ് സജീവമാകുകയും ഉത്പാദനം വർധിക്കുകയും ചെയ്യുമ്പോൾ വീണ്ടും വിലയിടിയാനുള്ള സാധ്യത വ്യാപാരികൾ സൂചിപ്പിക്കുന്നു.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights