10 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്; ഇടുക്കി ഉൾപ്പെടെ 10 അണക്കെട്ടുകളിൽ റെഡ് അലർട്ട്

ഈമാസം 25 വരെ മഴ തുടരുമെന്ന മുന്നറിയിപ്പിനിടെ വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ ഇന്നു യെലോ അലർട്ട് (ശക്തമായ മഴ) പ്രഖ്യാപിച്ചു. വയനാട് മുതൽ പത്തനംതിട്ട വരെ നാളെയും യെലോ അലർ‍ട്ടുണ്ട്. കന്യാകുമാരിക്കു സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി 2 ദിവസം കൂടി തുടരുന്നതുമൂലം മലയോരത്തു ശക്തമായ മഴയുണ്ടാകും. ഇതു ന്യൂനമർദമാകാനുള്ള സാധ്യത ഇതുവരെയില്ല.

കക്കി, ഷോളയാർ, പൊന്മുടി, പെരിങ്ങൽക്കുത്ത്, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, പീച്ചി അണക്കെട്ടുകളിൽ റെഡ് അലർട്ട് നിലനിൽക്കുന്നതായി മന്ത്രി കെ.രാജൻ അറിയിച്ചു. രാത്രി ഇടുക്കി ഡാമിലും റെഡ് അലർട്ടായി. മാട്ടുപ്പെട്ടി, ചിമ്മിണി, ചുള്ളിയാർ, മലമ്പുഴ, മംഗലം, മീങ്കര അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ടുമുണ്ട്.ഇന്നലെ രാവിലെ കാര്യമായ മഴയുണ്ടായില്ലെങ്കിലും പിന്നീട് ഇടുക്കി ഉൾപ്പെടെ പലയിടങ്ങളിലും മഴ ശക്തമായി.

ചെറുതോണി അണക്കെട്ടിൽ ചൊവ്വാഴ്ച ഷട്ടർ തുറക്കുമ്പോൾ 2398.08 അടിയായിരുന്ന ജലനിരപ്പ് ഇന്നലെ രാത്രി പത്തിന് 2398.30 അടിയായി വർധിച്ചു. മുല്ലപ്പെരിയാർ ജലനിരപ്പും 135.10 അടിയായി കൂടി. 136 അടി കവിഞ്ഞാൽ സ്പിൽവേയിലെ ഷട്ടറുകളിലേക്കു വെള്ളമെത്തും. പിന്നീട് എപ്പോൾ വേണമെങ്കിലും ഷട്ടറുകൾ ഉയർത്തി വെള്ളം പെരിയാറിലേക്ക് ഒഴുക്കാം. ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നിരിക്കുന്നതിനാൽ മുല്ലപ്പെരിയാറിലെ വെള്ളം കൂടിയെത്തിയാൽ ജലനിരപ്പ് പിന്നെയും കൂടും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights