കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തിങ്കളാഴ്ച തുറക്കും. പ്രവേശനോത്സവത്തോടെയാകും കുട്ടികളെ സ്‌കൂളുകളിലേക്ക് സ്വീകരിക്കുക. കുട്ടികളെ സ്വീകരിക്കാൻ സംസ്ഥാനം പൂർണ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
മാതാപിതാക്കളുടെ സമ്മത പത്രത്തോടെ വേണം കുട്ടികളെ അയക്കാൻ. ആശങ്കയുള്ള രക്ഷാകർത്താക്കൾ സാഹചര്യം വിലയിരുത്തിയ ശേഷം പിന്നീട് കുട്ടികളെ അയച്ചാൽ മതി. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിൻ എടുക്കാത്ത അധ്യാപകരും ജീവനക്കാരും രണ്ടാഴ്ചത്തേക്ക് സ്‌കൂളിൽ വരുന്നത് ഒഴിവാക്കണമെന്നും മന്ത്രി നിർദേശിച്ചു
ആദ്യത്തെ രണ്ടാഴ്ച ഹാജർ രേഖപ്പെടുത്തില്ല. ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുള്ള പഠനം മാത്രമാകും ആദ്യ ആഴ്ചകളിൽ നടക്കുക. 8, 9 ക്ലാസുകൾ ഒഴികെയുള്ള എല്ലാ ക്ലാസുകളും തിങ്കളാഴ്ച ആരംഭിക്കും. 8,9 ക്ലാസുകൾ 15ാം തീയതി മുതൽ ആരംഭിക്കും. ആദ്യത്തെ രണ്ടാഴ്ച ഉച്ച വരെയാകും ക്ലാസുകൾ. രാവിലെ 9 മണി മുതൽ 10 മണി വരെയുള്ള സമയത്തിനിടക്ക് ക്ലാസുകൾ തുടങ്ങണം. കുട്ടികളെ കൊണ്ടുവരുന്ന രക്ഷിതാക്കൾ സ്‌കൂളിൽ പ്രവേശിക്കരുത്.
പനി, ചുമ, ശ്വാസതടസ്സം, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരോ കൊവിഡ് സമ്പർക്ക പട്ടികയിലുള്ളവരോ സ്‌കൂളിലേക്ക് എത്തരുത്. മാസ്‌ക് ധരിച്ച് മാത്രം വീട്ടിൽ നിന്നിറങ്ങുക. ക്ലാസിൽ കൂട്ടം ചേരലുകൾ ഒഴിവാക്കണം. രണ്ട് മീറ്റർ അകലം പാലിച്ച് വേണം ഭക്ഷണം കഴിക്കേണ്ടത്. പഠനോപകരണങ്ങൾ, ഭക്ഷണം, കുടിവെള്ളം എന്നിവ യാതൊരു കാരണവശാലും പങ്കുവെക്കരുത്.