ശബരിമല: നീലിമല, അപ്പാച്ചിമേടുവഴി തീർഥാടകരെ കടത്തിവിടാനുള്ള ഒരുക്കങ്ങളുമായി ദേവസ്വം ബോർഡ്

സന്നിധാനത്തേക്ക് മുൻകാലങ്ങളിലേതുപോലെ നീലിമല, അപ്പാച്ചിമേടുവഴി തീർഥാടകരെ കടത്തിവിടാനുള്ള ഒരുക്കങ്ങളുമായി ദേവസ്വം ബോർഡ്. സർക്കാരിന്റെ ഉന്നതാധികാരസമിതിയുടെ തീരുമാനം കാത്തിരിക്കുകയാണ് ബോർഡ്. തീർഥാടകരെ പ്രവേശിപ്പിക്കുന്നതിന് പാതയിൽ അടിസ്ഥാനസൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. തീർഥാടകർക്ക് എല്ലാസൗകര്യവും ഒരുക്കുമെന്നും ആർക്കും ദർശനം കിട്ടാത്ത അവസ്ഥയുണ്ടാകില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ പറഞ്ഞു.

കോവിഡ് ഭേദമായവർക്ക് മലകയറുമ്പോഴുണ്ടായേക്കാവുന്ന കിതപ്പും മറ്റ് ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്താണ് നീലിമലയിലൂടെ തീർഥാടകർക്ക് വിലക്കേർപ്പെടുത്തിയത്. പാത സഞ്ചാരയോഗ്യമല്ലാത്തതും മറ്റ് അടിസ്ഥാനസൗകര്യങ്ങളില്ലാത്തതുംകൂടി ഇതിന് കാരണമാണ്. സ്വാമി അയ്യപ്പൻ റോഡിലൂടെയാണിപ്പോൾ തീർഥാടകരെ സന്നിധാനത്തേക്കും തിരികെ പമ്പയിലേക്കും വിടുന്നത്. സന്നിധാനത്ത് എത്തുന്ന തീർഥാടകർക്ക് നെയ്യഭിഷേകത്തിനും മറ്റുമായി പരമാവധി എട്ടുമണിക്കൂറെങ്കിലും തങ്ങാൻ അനുവദിക്കുന്നതും പരിഗണനയിലാണ്. എത്ര തീർഥാടകർ വന്നാലും അവർക്കെല്ലാം സുരക്ഷിതദർശനമാണ് ബോർഡിന്റെ ലക്ഷ്യമെന്നും അനന്തഗോപൻ പറഞ്ഞു.

വെർച്വൽ ക്യൂവിൽ 45,000 പേർക്കുവരെ ബുക്കിങ് അനുവദിക്കുന്നുണ്ട്. മണ്ഡല, മകരവിളക്കു ദിവസങ്ങളിലേക്കാണ് ഇത്രയുംപേർക്ക് ദിവസവും ദർശനത്തിന് അനുമതിയെങ്കിലും സാധാരണദിവസങ്ങളിലും അരലക്ഷത്തോളംപേരെ സന്നിധാനത്തേക്കുവിടണമെന്ന പൊതു ആവശ്യത്തോട് ദേവസ്വം ബോർഡിനും യോജിപ്പുണ്ട്. വ്യാഴാഴ്ചവരെ 19 ലക്ഷം പേരാണ് വെർച്വൽ ക്യൂവിൽ ബുക്കുചെയ്തത്. കോവിഡ് കുറയുന്നതിനാൽ ശബരിമലയിലെ നിയന്ത്രണങ്ങളിൽ ഇളവുവേണമെന്നാണ് ദേവസ്വംബോർഡിന്റെ ആവശ്യം.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights