ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കു(എ.ഡി.ബി.)മായി ബന്ധപ്പെട്ട് വിവിധ പഠനങ്ങൾക്ക് അവസരമൊരുക്കുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. ഡെവലപ്മെന്റ് ഫിനാൻസിനെക്കുറിച്ച് കൂടുതൽ അറിയുക, എ.ഡി.ബി.യുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുക, പ്രമുഖ അന്താരാഷ്ട്ര വികസന സംവിധാനത്തിൽ പ്രവർത്തിക്കുക, വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള പരിചയസമ്പന്നരായ പ്രൊഫഷണലുകളുമായി സഹകരിക്കാനുള്ള അവസരം തുടങ്ങിയവ ഇന്റേൺഷിപ്പിലൂടെ ലഭിക്കും. എട്ടുമുതൽ 11 ആഴ്ചകൾവരെ നീണ്ടുനിൽക്കും. സ്റ്റൈപ്പെൻഡ് ലഭിക്കും.
നിലവിലെ ഇന്റേൺഷിപ്പ് അവസരങ്ങൾ www.adb.orgൽ ലഭിക്കും (വർക്ക് വിത്ത് അസ് >ഇന്റേൺഷിപ്പ് പ്രോഗ്രാം ലിങ്കിൽ). അപേക്ഷകർ മാസ്റ്റേഴ്സ് അല്ലെങ്കിൽ പിഎച്ച്.ഡി. പ്രോഗ്രാമിൽ എന്റോൾ ചെയ്തവരും ഇന്റേൺഷിപ്പ് കാലയളവിനുശേഷവും പ്രോഗ്രാമിൽ തുടരുന്നവരുമാകണം. എ.ഡി.ബി.യുടെ പ്രവർത്തനമേഖലയുമായി നേരിട്ടു ബന്ധപ്പെട്ട വിഷയത്തിലാകണം അക്കാദമിക് പഠനം. ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം, പ്രൊഫഷണൽ പ്രവൃത്തിപരിചയം എന്നിവ വേണം. അപേക്ഷ aces.adb.orgവഴി ജനുവരി 31 വരെ നൽകാം. കരിക്കുലം വിറ്റ, എസ്സെ എന്നിവ അപേക്ഷയുടെ ഭാഗമായി അപ്ലോഡ് ചെയ്യണം.