ലോകത്തിലെ ഏറ്റവും വലിയ ആഡംബര യാനങ്ങളിലൊന്ന് ലേലത്തില്‍ വയ്ക്കുന്നു. 393 അടി നീളമുള്ള, വൈ 910 എന്നറിയപ്പെടുന്ന സൂപ്പർയോട്ടാണ് പുതിയ ഉടമയെ തേടുന്നത്. ഏതാണ്ട് 29 ദശലക്ഷം ഡോളര്‍ (218 കോടിരൂപ) മൂല്യം കണക്കാക്കുന്ന ഈ ആഡംബര യോട്ടിന്റെ ലേലം അടിസ്ഥാന വില ഇല്ലാതെയാണ് തുടങ്ങുക. ‘ഞങ്ങള്‍ ലോകം ശ്രദ്ധിച്ച പലതും മുൻപു ലേലം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് അപൂര്‍വ അവസരമാണ്’ യോട്ട് ലേലത്തിൽ വയ്ക്കുന്ന കണ്‍സീര്‍ജ് ഓക്‌ഷന്‍സിന്റെ സ്ട്രാറ്റജിക് അഡ്വൈസർ ചാർലി സ്മിത്ത് പറയുന്നു. ഇവര്‍ക്കൊപ്പം ബോട്ട്ഹൗസ് ഓക്‌ഷന്‍സും ചേര്‍ന്നാണ് ലേലം നടത്തുന്നത്. ആഡംബര കെട്ടിടങ്ങളും വസ്തുവകകളും ലേലത്തില്‍ വിറ്റാണ് കണ്‍സീര്‍ജ് ഓക്‌ഷന്‍സ് ശ്രദ്ധ നേടുന്നത്. ഇത് പുതിയ മേഖലയാണെങ്കിലും വെള്ളത്തില്‍ ഒഴുകി നടക്കുന്ന ആഡംബര ഭവനമെന്ന രീതിയിലും ഉയര്‍ന്ന മൂല്യമുള്ള വസ്തുവെന്ന നിലയിലും തങ്ങളുടെ ഇടപാടുകളോട് ചേര്‍ന്നു നില്‍ക്കുന്നതാണെന്ന് സ്മിത്ത് വിശദീകരിക്കുന്നുണ്ട്. നവംബര്‍ 11 മുതല്‍ 23 വരെ ഓണ്‍ലൈനായാണ് ലേലം.
36 അതിഥികളെ ഉള്‍ക്കൊള്ളാനാകുന്ന 18 ആഡംബര മുറികളാണ് സൂപ്പര്‍യോട്ടിലുള്ളത്. 50 ജോലിക്കാർക്കും താമസിക്കാം. രണ്ടു നീന്തല്‍കുളങ്ങള്‍, രണ്ട് ഹെലിപാഡുകള്‍, ഒരു ഹെലിക്കോപ്റ്റര്‍ ഹാംഗര്‍, ആറ് ഗാരിജുകള്‍, രണ്ട് വിഐപി കാബിന്‍ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ഈ സൂപ്പർയോട്ടിലുള്ളത്. ലോകത്തെ ഏറ്റവും വലിയ സൂപ്പര്‍യോട്ട് സ്വന്തമാക്കാനാഗ്രഹിക്കുന്ന ശതകോടീശ്വരന്മാരോ മുന്‍നിര സ്ഥാപനങ്ങളോ പര്യവേക്ഷണ കമ്പനികളോ ആയിരിക്കാം ലേലത്തില്‍ ഇത് സ്വന്തമാക്കുകയെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
1990 ല്‍ പോളണ്ടിൽ നിർമിച്ച കപ്പലാണ് ആഡംബര നൗകയായി രൂപന്തരം പ്രാപിച്ചത്. 1998 വരെ റഷ്യൻ ഓഫ്ഷോർ ഓയിൽ റിഗ്ഗുകളിലേക്ക് ജീവനക്കാരെയും കയറ്റിപ്പോകുന്ന പാസഞ്ചർ കപ്പലായിരുന്നു ഇത്. 2000 ലാണ് ഇതിനെ പ്രോജക്ട് വൈ910 എന്ന പേരിൽ ആഡംബര യോട്ടായി മാറ്റുന്ന ജോലികൾ ആരംഭിക്കുന്നത്. ജലയാനരൂപകല്‍പനയിലെ പ്രമുഖനായ കോര്‍ ഡി റോവറാണ് ഇത് നിർമിച്ചത്. ആദ്യം 295 അടി നീളമുണ്ടായിരുന്ന ഈ സൂപ്പർയോട്ടിന് പിന്നീട് ഇറ്റാലിയന്‍ കമ്പനിയായ ഫിൻകാൻടിരി രൂപമാറ്റം നൽകി. ഇറ്റലിയിലെ ഫിൻകാൻടിരിയുടെ കപ്പല്‍ നിർമാണ കേന്ദ്രത്തിലാണ് ഇപ്പോള്‍ ഈ സൂപ്പര്‍യോട്ട് നങ്കൂരമിട്ടിരിക്കുന്നത്. മഞ്ഞ് നിറഞ്ഞ കടലിലൂടെയും സഞ്ചരിക്കാന്‍ ശേഷിയുള്ള ആഡംബര യാനമാണിത്.ഏകദേശം 1000 ടൺ ഭാരമുള്ള ഈ കപ്പലിനെ ചലിപ്പിക്കുന്നത് ഡീസലും ഇലക്ട്രിക്കും ചേർന്ന ഹൈബ്രിഡ് പവർട്രെയിനാണ്. 16 നോട്ടിക്കൽ മൈലാണ് പരമാവധി വേഗം.
2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം സൂപ്പർയോട്ടുകള്‍ക്കുള്ള ആവശ്യകത വര്‍ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. കോവിഡ് കാലത്ത് ഇത്തരം സൂപ്പർയോട്ടുകള്‍ ശതകോടീശ്വരര്‍ ഇഷ്ട ആഘോഷ കേന്ദ്രങ്ങളായി മാറ്റുകയും ചെയ്തിരുന്നു. കോവിഡിനെ തുടര്‍ന്ന് മറ്റുള്ളവരില്‍നിന്നു മാറിസുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം ആഘോഷിക്കാനുള്ള അവസരമായാണ് സൂപ്പർയോട്ടുകളെ പലരും കാണുന്നത്. അതേസമയം സൂപ്പർയോട്ടുകളുടെ വിപണി 2019 നെ അപേക്ഷിച്ച് 2020 ല്‍ ഇടിയുകയാണുണ്ടായതെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള ബോട്ട് ഇന്റര്‍നാഷനല്‍ വിശദീകരിക്കുന്നത്. 2019 ല്‍ 404 യോട്ടുകള്‍ വിറ്റിട്ടുണ്ടെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 341 ആയി കുറഞ്ഞുവെന്നാണ് ഈ വെബ്‌സൈറ്റ് പറയുന്നത്. 2.46 ബില്യൻ പൗണ്ട് വ്യാപാരം 2019 ല്‍ നടന്നെങ്കില്‍ 2020 ല്‍ ഇത് 1.86 ബില്യണ്‍ പൗണ്ടായി കുറയുകയും ചെയ്തു. 240 അടി നീളമുള്ള ഹസ്‌നയെന്ന സൂപ്പർയോട്ടാണ് 2020ല്‍ വിറ്റതില്‍ വച്ച് ഏറ്റവും വലുത്. ഈവര്‍ഷം നടക്കാനിരിക്കുന്ന ഏറ്റവും വലിയ സൂപ്പർയോട്ട് ലേലമാണ് വൈ910ന്റേത്.