സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് നാസയുടെ സഞ്ചാരികള്‍.

ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ആളില്ലാ വിക്ഷേപണ പരീക്ഷണം വിജയമായതോടെ പേടകത്തില്‍ ആദ്യമായി മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്ക് അയക്കാനൊരുങ്ങി നാസ. അടുത്തിടെ നടന്ന ആളില്ലാ പരീക്ഷണ വിക്ഷേപണത്തില്‍ ബഹിരാകാശ നിലയത്തിലേക്ക് സാധന സാമഗ്രികള്‍ എത്തിച്ച് പേടകം സുരക്ഷിതമായി തിരിച്ചിറങ്ങിയിരുന്നു. ബോയിങ് ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തില്‍ രണ്ട് സഞ്ചാരികളാണ് നിലയത്തിലേക്ക് പുറപ്പെടുക. രണ്ടാഴ്ചയോളം അവര്‍ അവിടെ തങ്ങിയതിന് ശേഷമാണ് തിരികെയിറങ്ങുക.  ദൗത്യത്തിന്റെ പൈലറ്റായി നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത സുനി എല്‍. വില്യംസും കമാന്‍ഡറായി ബാരി ബുച്ച് വില്‍മോറും ആണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ആദ്യമായി യാത്ര ചെയ്യുക. നേരത്തെ ബാരിയ്ക്ക് പകരം നാസയുടെ നികോള്‍ മാനെ ആയിരുന്നു ഈ യാത്രയ്ക്കായി നിശ്ചയിച്ചിരുന്നത് എന്നാല്‍ പിന്നീട് നികോളിനെ മാറ്റി ബാരിയെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു.2021 ല്‍ നടന്ന സ്‌പേസ് എക്‌സ് ക്രൂ-5 ലേക്കാണ് നികോള്‍ മാനെ മാറ്റിയത്.

ബഹിരാകാശ നിലയത്തിലേക്ക് സുരക്ഷിതമായി മനുഷ്യരെ എത്തിക്കാനും തിരിച്ചിറക്കാനുമുള്ള ശേഷിയുള്‍പ്പടെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മികവ് പരിശോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഹ്രസ്വ കാല വിക്ഷേപണം ആസൂത്രണം ചെയ്തിരിക്കുന്നത്. ആവശ്യമെങ്കില്‍ ആറ് മാസം വരെ ദൗത്യം ദീര്‍ഘിപ്പിക്കാനും ഒരാളെ കൂടി ദൗത്യത്തില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.

Verified by MonsterInsights