പെട്രോൾ പമ്പിൽനിന്നും ഇൻകുബേറ്റർ നിർമിച്ച് വിറ്റും ക്യാമറ വാടകയ്ക്ക് നൽകിയും സ്വരുക്കൂട്ടിയ പണം ഇത്രയും സന്തോഷം നൽകുമെന്ന് എൽബിൻ ജോർജ് (19) ഒരിക്കലും കരുതിയിരിക്കില്ല. ആദ്യം 18,000 രൂപ നൽകിയൊരു സൈക്കിൾ സ്വന്തമാക്കി. അതോടെ ഏറെക്കാലമായുള്ള ആഗ്രഹത്തിന് ചിറകുകൾ മുളച്ചു. കാഷ്മീരിൽ സൈക്കിളിൽ പോകണം. അങ്ങനെ ജൂലൈ 21ന് കുറവിലങ്ങാട് നിന്ന് യാത്ര ആരംഭിച്ചു. കാഷ്മീരിൽ എത്തിയപ്പോഴാകട്ടെ ലഡാക്ക് വരെ പോകണമെന്ന വലിയ മോഹം. കാഷ്മീരിൽ വച്ചു പിടികൂടിയ പനിയെ തോൽപ്പിച്ച് യാത്ര തുടർന്നു.
എൽബിൻ നടത്തിയത് വെറും യാത്ര മാത്രമായിരുന്നില്ല. യാത്ര ചെയ്ത 65 ദിവസങ്ങളിൽ ആറ് ദിവസം ചൂടേറിയ പരീക്ഷയായിരുന്നു. വെറും പരീക്ഷയല്ല, എൻജിനിയറിംഗ് പരീക്ഷ. കുറവിലങ്ങാട് കുടുക്കമറ്റം കൊച്ചുതാഴത്ത് സാജു -മഞ്ജു ദമ്പതികളുടെ മകനാണ് സൈക്കിളിൽ നാലായിരത്തിലേറെ കിലോമീറ്റർ യാത്ര നടത്തിയ എൽബിൻ ജോർജ്.കോയമ്പത്തൂർ എക്സൽ എൻജിനീയറിംഗ് കോളജിൽ രണ്ടാം വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥിയായ എൽബിന യാത്രയ്ക്കിടയിലായിരന്നു പരീക്ഷ. ഓരോ ദിവസവും ദാബയിൽ കയറി ചായ കുടിച്ചശേഷം അവിടെയിരുന്ന് പരീക്ഷ എഴുതി തീർക്കും.
പതിനൊന്ന് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ലഡാക്കിലെത്തിയ എൽബിന് യാത്രയ്ക്ക് ചെലവായത് 12000 രൂപ. വിദേശത്തുള്ള പിതാവ് മടക്കയാത്രയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് സമ്മാനിച്ചു. സഹോദരങ്ങളായ നഴ്സിംഗ് വിദ്യാർഥിനി എൽസ്വിനും കുറവിലങ്ങാട് സെന്റ് മേരീസ് ഗേൾസ് എൽപി സ്കൂൾ വിദ്യാർഥിനികളായ എസ്ലിൻ , എർലിൻ എന്നിവർക്ക് കുഞ്ഞു സമ്മാനങ്ങളുമയാണ് രാജ്യം കണ്ട് സഹോദരൻ മടങ്ങിയെത്തിയത്. എൽബിനെ പഞ്ചായത്തംഗം ഡാർളി ജോജി അഭിനന്ദിച്ചു.