അടുപ്പും തീയും വേണ്ടാ, വെള്ളത്തില്‍ അരിയിട്ടാല്‍തന്നെ ചോറ് റെഡി; ‘മാജിക്കൽ റൈസ്’ കേരളത്തിലും വിളഞ്ഞു.

അടുപ്പും തീയുമൊന്നും വേണ്ടാ. വെള്ളത്തിൽ അരിയിട്ടുവെച്ചാൽ, അരമണിക്കൂർകൊണ്ട് നല്ല തുമ്പപ്പൂനിറമുള്ള ചോറ് തയ്യാർ. വെള്ളം തിളപ്പിക്കാതെതന്നെ ചോറുണ്ടാക്കാനാകുന്ന ‘മാജിക്കൽ റൈസ്’ എന്ന് വിളിപ്പേരുള്ള അഗോനിബോറ നെല്ല്, പാലക്കാട്ടും വിളഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 37-ഓളം നെല്ലിനങ്ങൾ വിളയിച്ചെടുത്തിട്ടുള്ള എലപ്പുള്ളി പട്ടത്തലച്ചിയിലെ അത്താച്ചി ഫാമിലാണ്, അഗോനിബോറയും കതിരിട്ടത്. പടിഞ്ഞാറൻ അസമിലെ നെല്ലിനമാണിത്. തണുത്ത വെള്ളത്തിൽ അരിയിട്ട് അടച്ചുവെച്ചാൽ 30-45 മിനിറ്റുകൊണ്ട് ചോറാകും. ചൂടുവെള്ളത്തിലാണെങ്കിൽ 15 മിനിറ്റു മതി. പാലക്കാട്ടെ കാലാവസ്ഥ നെല്ലിന്റെ വളർച്ചയ്ക്ക് പ്രശ്നമായില്ലെന്ന് അത്താച്ചി ഗ്രൂപ്പിന്റെ ചെയർമാൻ രാജു സുബ്രഹ്മണ്യൻ, വൈസ് ചെയർപേഴ്സൺ ദീപ സുബ്രഹ്മണ്യൻ, എം.ഡി. വിശ്വനാഥൻ എന്നിവർ പറഞ്ഞു.

ജൂണിൽ തുടങ്ങിയ കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞദിവസം പൂർത്തിയായി. അസമിൽനിന്ന് വിത്ത് എത്തിച്ച് 12 സെന്റിലാണ് കൃഷിയിറക്കിയത്. ജൈവകൃഷിയാണ് നടത്തിയത്. വിത്ത് മുളപ്പിച്ച്, 20 ദിവസങ്ങൾക്കുശേഷമാണ് നട്ടത്. നടുന്നതിനു മുൻപ്, ഉഴുത മണ്ണിൽ പഞ്ചഗവ്യം പ്രയോഗിച്ചു. ചെറിയരീതിയിൽ കീടശല്യമുണ്ടായെങ്കിലും വേപ്പെണ്ണയടക്കമുള്ള ജൈവകീടനാശിനികൊണ്ട് പ്രതിരോധിച്ചു. വെള്ളം കാര്യമായി വേണ്ടിവന്നില്ല. മൂന്നടിവരെ ഉയരത്തിൽ നെൽച്ചെടി വളരും. 100-110 ദിവസംകൊണ്ട് കതിരിട്ടു. 145 ദിവസമാണ് അഗോനിബോറ വിത്തിന്റെ മൂപ്പ്. 12 സെന്റിൽനിന്ന് 170 കിലോ നെല്ല് കിട്ടി. 50-60 ഡിഗ്രി ചൂടിൽ രണ്ടുതവണയായി വേവിച്ചെടുത്താണ് വിപണിയിൽ നൽകുന്നത്. പൊന്നിയരിക്ക് സമാനമായ നീളവും മട്ടയരിക്ക് സമാനമായ വലുപ്പവുമുണ്ട് അരിക്ക്. പ്രകൃതിദുരന്ത സാഹചര്യങ്ങളിലും മറ്റും പാചകം ചെയ്യാതെതന്നെ എളുപ്പത്തിൽ ആളുകൾക്ക് ഉപയോഗിക്കാൻ കഴിയുന്ന അരിയാണിത്. പരീക്ഷണം വിജയിച്ചതിനാൽ അടുത്ത സീസണിൽ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കി അരി വിപണിയിലെത്തിക്കാനാണ് തീരുമാനം.

മണിപ്പൂരിലുള്ള ബ്ലാക്ക് റൈസ് (കറുത്ത അരി) മുതൽ ഗുജറാത്തിലുള്ള കാലാബേട്ടിവരെ 37-ഓളം നെല്ലിനങ്ങൾ അത്താച്ചി ഫാമിൽ വിളഞ്ഞിട്ടുണ്ട്. ഇവയെല്ലാം റൈസ് മ്യൂസിയം എന്ന പേരിൽ സൂക്ഷിച്ചിട്ടുമുണ്ട്.

കറുപ്പ് കൗനി (തമിഴ്നാട്), ജോഹ (അസം), ജാസ്മിൻ റൈസ് (തായ്ലാൻഡ്), തൂയമല്ലി, ജീരകശംഭ (തമിഴ്നാട്), രാംലി (പഞ്ചാബ്) തുടങ്ങിയവ അവയിൽ ചിലതാണ്. തവളക്കണ്ണൻ, ഞവര, രക്തശാലി തുടങ്ങി കേരളത്തിലെ പരമ്പരാഗത നെല്ലിനങ്ങളും ഇവിടെ വിളയിച്ചെടുത്തിട്ടുണ്ട്.

Verified by MonsterInsights