കൊച്ചി വലിയ തുറമുഖമാകുന്നതിനു മുൻപ് ആലപ്പുഴയായിരുന്നു പ്രധാന തുറമുഖം. കൊച്ചി പുതിയ കൊച്ചിയായതോടെ പ്രതാപം നഷ്ടമായ ആലപ്പുഴ തുറമുഖത്തിന്റെ മുഖമായി ഇനി നാവികസേനയുടെ പടക്കപ്പൽ മാറും. നാവികസേന ഡീകമ്മിഷൻ ചെയ്ത ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇൻഫാക്) ടി–81 ആലപ്പുഴയുടെ പുതിയ കാഴ്ച.
* ആലപ്പുഴയുടെ കപ്പല്‍ ചരിത്രം
രാജാ കേശവദാസൻ ആലപ്പുഴ നഗരത്തെ രൂപപ്പെടുത്തിയപ്പോൾ അതിന്റെ ഏറ്റവും പ്രധാന ആകർഷണം വിശാലമായ ബീച്ച് ഉൾപ്പെടുന്ന തുറമുഖമായിരുന്നു. കോട്ടയം ഉൾപ്പെടെ മലയോയര മേഖലകളിൽ നിന്നുള്ള ചരക്കുകൾ വേമ്പനാട്ടു കായലിലൂടെ ആലപ്പുഴയിലെത്തിച്ച് കൃത്രിമമായി നിർമിച്ച വാണിജ്യ കനാൽ വഴി തുറമുഖത്ത് എത്തിച്ചാണ് കപ്പലിൽ കയറ്റി വിദേശ രാജ്യങ്ങളിലേക്കു കൊണ്ടുപോയിരുന്നത്. 19–ാം നൂറ്റാണ്ടിൽ ആലപ്പുഴയിൽ കയർ വ്യവസായം പച്ചപിടിച്ചു തുടങ്ങി. അതോടെ കയർ ഉൽപ്പന്നങ്ങൾ രാജ്യാന്തര വിപണിയിലേക്കു കയറ്റി അയക്കാൻ തുടങ്ങിയതോടെ തുറമുഖം വികസിച്ചു. 1862ൽ ആലപ്പുഴയിൽ കടൽപ്പാലം നിർമിച്ചു. നങ്കൂരമിടുന്ന കപ്പലുകളിലേക്ക് ചരക്കു കയറ്റുന്നതും ഇറക്കുന്നതും എളുപ്പമായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊച്ചി തുറമുഖം വികസിക്കുന്നതുവരെ കേരളത്തിലെ ചരക്കു കയറ്റുമതിയുടെ പ്രധാന േകന്ദ്രമായിരുന്നു ആലപ്പുഴ തുറമുഖം. ആലപ്പുഴയിലെ കയർ ഉൾപ്പെടെയുള്ള വ്യവസായങ്ങൾ തളരുകയും വ്യവസായികൾ കൊച്ചിയിലേക്കു ചേക്കേറുകയും ചെയ്തതോടെയാണ് ആലപ്പുഴ തുറമുഖം അനക്കമറ്റത്. ഏറെക്കാലം പ്രവർത്തനം നിലച്ചു കിടന്ന തുറമുഖത്തിന് പ്രതീക്ഷയായി 1989 ഒക്ടോബർ 11 ന് ഒരു ചരക്കു കപ്പൽ എത്തിയെങ്കിലും പിന്നീട് ഒരു കപ്പലും ഇവിടേക്ക് കടൽമാർഗം എത്തിയിട്ടില്ല.
* ആലപ്പുഴയുടെ പടക്കപ്പൽ
ആലപ്പുഴ പൈതൃക നഗര പദ്ധതിയുടെ ഭാഗമായി പോർട്ട് മ്യൂസിയം ആരംഭിക്കാൻ ഒന്നാം പിണറായി സർക്കാർ തീരുമാനിച്ചതോടെയാണ് ആലപ്പുഴയ്ക്കു സ്വന്തമായി കപ്പൽ എത്തിക്കുന്നതിനെക്കുറിച്ച് ചർച്ച തുടങ്ങിയത്. അന്നു ധനമന്ത്രിയും ആലപ്പുഴ എംഎൽഎയുമായിരുന്ന ടി.എം.തോമസ് ഐസക് മുൻകൈയെടുത്ത് പദ്ധതി മുന്നോട്ടു പോയി. നാവികസേനയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഡീ കമ്മിഷൻ ചെയ്ത നാവികസേന കപ്പൽ ഇൻഫാക് ടി 81 ആലപ്പുഴ പൈതൃക മ്യൂസിയത്തിനു നൽകാൻ തീരുമാനമായത്.2021 മേയിൽ ഇതു സംബന്ധിച്ച ധാരണയായി. മുംബൈയിൽനിന്നു കൊച്ചിയിലേക്ക് കടലിലൂടെ 5 ദിവസം കൊണ്ട് എത്തിച്ച കപ്പൽ ജൂലൈയിൽ കോട്ടയം തുറമുഖത്ത് എത്തിച്ചു. സെപ്റ്റംബറിൽ തണ്ണീർമുക്കത്ത് എത്തിച്ച കപ്പൽ റോഡ് മാർഗം ആലപ്പുഴയിലെത്തിക്കുകയായിരുന്നു.
* കപ്പലിനു മ്യൂസിയം
ആലപ്പുഴ ബീച്ചിന്റെ അടയാളമായിരുന്ന കടൽപ്പാലം ദ്രവിച്ചു നശിച്ചു. ഇവിടെ ടൂറിസം സാധ്യതകൾ മുൻനിർത്തി പുതിയ കടൽപ്പാലം നിർമിക്കാൻ സർക്കാർ പദ്ധതി തയാറാക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഇൻഫാക് ടി 81 പ്രദർശിപ്പിക്കാൻ മ്യൂസിയം പദ്ധതി തുടങ്ങാനാണ് ധാരണ. തീരദേശ പരിപാലന നിയമം പാലിച്ച് ഇവിടെ മ്യൂസിയം തയാറാക്കാൻ പ്രത്യേക അനുമതി തേടും. രണ്ടു നിലകളിലായി മാരിടൈം മ്യൂസിയം നിർമിക്കാനുള്ള അനുമതി തേടിയിട്ടുണ്ട്. പരിസ്ഥിതി പഠനം ഉൾപ്പെടെ 3 വർഷത്തെ നടപടികൾക്കു ശേഷം പുതിയ കടൽപ്പാലത്തിന് കഴിഞ്ഞ വർഷം അനുമതി ലഭിച്ചിരുന്നു. ടിക്കറ്റ് ബൂത്ത്, ഫുഡ് കോർട്ട്, ചുറ്റുമതിൽ, ലാൻഡ്സ്കേപ്പിങ് തുടങ്ങിയവ സിഡൈനിലുണ്ട്. ടിക്കറ്റ് ബൂത്തിൽനിന്ന് കപ്പലിലേക്കു കയറാൻ റാംപുണ്ടാവും. തീരത്തെ മണ്ണൊലിപ്പു തടയാൻ കപ്പലിനും കടലിനും ഇടയിലുള്ള ഭാഗത്ത് ചെടികൾ നട്ടുപിടിപ്പിക്കും. കടൽത്തീരങ്ങളിൽ സാധാരണ കാണാറുള്ള ബേഹോപ്സ് എന്ന സസ്യമാണ് ഇതിന് ഉദ്ദേശിക്കുന്നത്. ഡ്രൈ ഡോക്കിങ് രീതിയിൽ കപ്പൽ നിലത്ത് ഉറപ്പിക്കാമെന്നു രൂപകൽപനയിൽ നിർദേശമുണ്ട്. തൽക്കാലം ഇപ്പോഴുള്ള പ്ലാറ്റ്ഫോമിൽ തന്നെ കപ്പൽ സന്ദർശകർക്കു കാഴ്ചയൊരുക്കും.
* പടക്കപ്പലിന്റെ ചരിത്രം
നാവികസേനയുടെ അതിവേഗ ആക്രമണ കപ്പലുകളുടെ കൂട്ടത്തിൽ രണ്ടാമത്തേതായിരുന്നു ഇൻഫാക് ടി – 81. 1999 ജൂൺ 5ന് അന്നത്തെ ഗോവ ഗവർണർ ലെഫ്റ്റനന്റ് ജനറൽ ജെ.എഫ്.ആർ.ജേക്കബ് കമ്മിഷൻ ചെയ്ത കപ്പലിൽ 2 ഓഫിസർമാരും 18 സെയിലർമാരുമാണ് ഉണ്ടായിരുന്നത്. മണിക്കൂറിൽ 45 നോട്ട്സ് ആയിരുന്നു വേഗം. ഹ്രസ്വദൂര ശേഷിയുള്ള തോക്കുകൾ ഇതിൽ ഘടിപ്പിച്ചിരുന്നു. കുറഞ്ഞ സമയത്തിൽ കടലിൽ ഇറക്കാൻ കഴിയുന്ന വിധമാണ് നിർമാണം. ശത്രുനിരീക്ഷണം, തിരച്ചിൽ, രക്ഷാപ്രവർത്തനം തുടങ്ങിയവയായിരുന്നു ചുമതലകൾ. നുഴഞ്ഞു കയറുന്ന ചെറുയാനങ്ങളെ അതിവേഗത്തിൽ തടയാൻ കഴിയുമായിരുന്നു. ഐതിഹ്യത്തിലെ വരുണദേവന്റെ വാഹനമായ കടൽക്കുതിരയെ ഇതിൽ ചിത്രീകരിച്ചിരുന്നു. ആഴം കുറഞ്ഞ സ്ഥലങ്ങളിൽ സഞ്ചരിക്കാൻ പ്രത്യേകം രൂപകൽപന ചെയ്തതാണ് കപ്പൽ. ഈ വർഷം ജനുവരി 28ന് മുംബൈ നേവൽ ഡോക്ക്‌യാർഡിൽ വച്ച് കപ്പൽ ഡീകമ്മിഷൻ ചെയ്തു. 60 ടൺ ഭാരമുള്ള കപ്പലിന് 25.94 മീറ്റർ നീളവും 5.6 മീറ്റർ ഡെക്കുമുള്ള കപ്പലാണ് ഇൻഫാക് ടി 81. എൻജിൻ റൂം, ആഫ്റ്റ് (പിൻഭാഗം) ക്രൂ കംപാർട്ട്മെന്റ്, ക്യാപ്റ്റൻസ് ക്യാബിൻ, ലിവിങ് ഏരിയ, ഫോർവേഡ് (മുൻഭാഗം) ക്രൂ കംപാർട്ട്മെന്റ് എന്നിവയാണ് കപ്പലിന്റെ ഭാഗങ്ങൾ.
* ആലപ്പുഴയുടെ പേരിലുമുണ്ട് ഒരു പടക്കപ്പൽ
ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ആലപ്പുഴയുടെ പേരിൽ ഒരു കപ്പൽ ഉണ്ടായിരുന്നു – ഐഎൻഎസ് ആലപ്പി. റഷ്യയിൽനിന്ന് ഇന്ത്യ 1980 ൽ വാങ്ങിയ കോസ്റ്റൽ മൈൻ സ്വീപ്പർ (തീര മൈൻ വാരി കപ്പൽ) വിഭാഗത്തിൽപ്പെടുന്ന കപ്പലായിരുന്നു ഇത്. ഇത്തരം കപ്പലുകൾക്ക് ചെറുകിട തുറമുഖങ്ങളുടെ പേര് നൽകുന്ന പതിവനുസരിച്ചാണ് ‘ഐഎൻഎസ് ആലപ്പി’ക്ക് ആ പേര് വന്നത്. പോണ്ടിച്ചേരി കേന്ദ്രീകരിച്ചാണു മൈൻവാരിക്കപ്പലുകളെ നേവി നീറ്റിലിറക്കിയത്. അതിനാൽ പോണ്ടിച്ചേരി ക്ലാസ് വിഭാഗത്തിലാണു കപ്പലിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആലപ്പിക്കു പുറമെ ഐഎൻഎസ് കോഴിക്കോട്, ഐഎൻഎസ് കണ്ണൂർ എന്നിവയാണു കേരളത്തിലെ നഗരങ്ങളുടെ പേരിലുള്ള മൈൻവാരിക്കപ്പലുകൾ. യുദ്ധമുഖത്ത് ശത്രുക്കൾ പ്രയോഗിക്കുന്ന മൈനുകൾ കടലിൽ നിന്നു നീക്കം ചെയ്യുകയായിരുന്നു ഇത്തരം കപ്പലുകളുടെ ചുമതല. റഷ്യയിൽ നിന്നു കപ്പൽ വാങ്ങിയ ശേഷം കപ്പലിലെ നാവികസേനാംഗങ്ങൾക്ക് രണ്ടര വർഷത്തോളം റഷ്യയിൽ പരിശീലനവും നൽകിയിരുന്നു.
റഷ്യയിൽ നിന്ന് 45 ദിവസം കൊണ്ടാണ് കടൽമാർഗം ഐഎൻഎസ് ആലപ്പി മുംബൈയിലെത്തിച്ചത്. 2015 മാർച്ചിൽ ഐഎൻഎസ് ആലപ്പി ഡീകമ്മിഷൻ ചെയ്തു. ഐഎൻഎസ് ആലപ്പിയിലെ ആദ്യ ക്യാപ്റ്റനും ആലപ്പുഴക്കാരനായിരുന്നു. ആലപ്പുഴ മുല്ലയ്ക്കൽ പോപ്പൻസ് വില്ലയിൽ ഹെക്ടർ പോപ്പൻ (76). ജന്മനാടിന്റെ പേരുള്ള കപ്പലിനെ ആലപ്പുഴയിലെത്തിക്കണമെന്ന ആഗ്രഹം ഹെക്ടർ പോപ്പനുണ്ടായിരുന്നു. അങ്ങനെ 1981 മേയ് 11 ന് പോപ്പൻ കപ്പലുമായി ആലപ്പുഴ തീരത്തേക്കു വന്നു. അന്ന് ആലപ്പുഴയുടെ തീരത്തിന് ഒന്നര കിലോമീറ്റർ അകലെ കടലിൽ നങ്കൂരമിട്ട് പോപ്പൻ ആഗ്രഹം സഫലീകരിച്ചു. കൊച്ചിയിൽ പരിശീലനത്തിന് എത്തിയപ്പോഴാണ് പ്രത്യേകാനുമതി വാങ്ങി 2 ദിവസത്തേക്ക് കപ്പലുമായി ആലപ്പുഴയിൽ വന്നതെന്നു പോപ്പൻ പറഞ്ഞിട്ടുണ്ട്. തീരത്തേക്ക് എത്താനുള്ള സൗകര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. കൊല്ലത്തു നിന്നു ടഗ്ഗ് എത്തിച്ചാണ് ഹെക്ടറും സംഘവും തീരത്തെത്തിയത്. പോപ്പൻ 1989 ൽ കമാൻഡറായി വിരമിച്ചു.