അല്ലു അർജുൻ ആലപ്പുഴയിലെ വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്തു

ആലപ്പുഴ: പ്ലസ്ടുവിന് ശേഷം തുടർപഠനത്തിന് വഴിയില്ലാതെ ബുദ്ധമുട്ടിയ വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുത്ത് തെന്നിന്ത്യൻ താരം അല്ലു അർജുൻ. ആലപ്പുഴ കലക്ടർ വിആർ കൃഷ്ണ തേജയുടെ അഭ്യർഥനയിലാണ് അല്ലു അര്‍ജുൻ വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുക്കാൻ തയ്യാറായത്. ആലപ്പുഴ സ്വദേശിയായ വിദ്യാർഥിനിയുടെ നഴ്സിങ് പഠന ആഗ്രഹം ‘വീ ആർ ഫോർ’ ആലപ്പി പദ്ധതിയുടെ ഭാഗമായാണ് അല്ലു അർജുൻ ഏറ്റെടുത്തത്.

പ്ലസ്ടു 92% മാർക്കോടെ വിജയിച്ചു. എന്നിട്ടും തുടർപഠനത്തിന് വഴിയില്ലത്ത വിദ്യാർഥിനി സഹായനമഭ്യർഥിച്ച് മാതാവിനും സഹോദരനുമൊപ്പം കലക്ടറെ കണാനെത്തിയിരുന്നു. നഴ്സ് ആകണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും മെറിറ്റ് സീറ്റിലേക്ക് അപേക്ഷിക്കേണ്ട സമയം അവസാനിച്ചിരുന്നു. തുടർന്ന് മാനേജ്മെന്റ് സീറ്റിൽ‌ തുടർ പഠനം നടത്താനുള്ള ശ്രമത്തിലായിരുന്നു വിദ്യാർഥിനി.

കറ്റാനം സെന്റ് തോമസ് നഴ്സിങ് കോളജിൽ സീറ്റ് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പഠനച്ചെലവിന് മാർഗമില്ലാത്തതിനാൽ സഹായം തേടിയാണ് വിദ്യാർഥിനിയും കുടുംബവും കലക്ടറെ സമീപിച്ചത്. തുടർന്നാണ് സഹായം അഭ്യർഥിച്ച കലക്ടർ നടൻ അല്ലു അർജുനെ ബന്ധപ്പെടുന്നത്.


വിദ്യാർഥിനിയുടെ പഠനച്ചെലവ് ഏറ്റെടുക്കാമെന്ന് വാക്കു നൽകിയ അല്ലു അര്‍ജുൻ നാല് വർഷത്തെ ഹോസ്റ്റൽ ഫീസ് അടക്കമുള്ള എല്ലാ ചെലവും വഹിക്കാമെന്ന് അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കലക്ടർ എത്തിയാണ് കുട്ടിയെ കോളജിൽ ചേർത്തത്. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് കുട്ടിയുടെ പിതാവ് മരിച്ചിരുന്നു.

പ്രളയത്തിനു ശേഷം കുട്ടനാടിനെ സഹായിക്കാൻ അന്ന് സബ് കളക്ടറായിരുന്ന വി ആർകൃഷ്ണ തേജ തുടങ്ങിയ പദ്ധതിയാണ് ‘ഐ ആം ഫോർ ആലപ്പി’. പദ്ധതിയുടെ ഭാഗമായി വീടുകളും ബോട്ടുകളും അടക്കം രാജ്യത്തിന്റെ പലയിടത്തും സഹായമെത്തി. കുട്ടനാട്ടിലെ 10 അങ്കണവാടികൾ അല്ലു അർജുൻ ഏറ്റെടുത്തിരുന്നു. കോവിഡിൽ മതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

Verified by MonsterInsights