അമേരിക്കൻ കമ്പനി ലൈഫ്റേ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കുന്നു; രണ്ടു വർഷത്തിൽ 200 ഓളം പേർക്ക് അവസരം

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലൗഡ്-പവേർഡ് ഡിജിറ്റൽ യൂസർ എക്സ്പീരിയൻസ് പ്ലാറ്റ്‌ഫോമായ (ഡിഎക്‌സ്‌പി) ‌ലൈഫ്‌റേ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. അടുത്ത 24 മാസത്തിനുള്ളിൽ 200-ലധികം എഞ്ചിനീയർമാരെയും മാനേജ്‌മെന്റ് വിദ​ഗ്ധരെയും നിയമിക്കാനാണ് പദ്ധതിയെന്ന് കമ്പനി അറിയിച്ചു. ഇതിന്റെ ഭാഗമായി, ലൈഫ്‌റേയുടെ പുതിയ ഓഫീസ് ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു.

പുതിയ നിയമന പദ്ധതിയുടെ ഭാഗമായി, ഇന്ത്യയിലുടനീളമുള്ള മികച്ച സ്ഥാപനങ്ങളിൽ നിന്നുള്ള എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് ഉദ്യോഗാർത്ഥികളെ കണ്ടെത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഒരു ഇന്റേൺഷിപ്പ് പ്രോഗ്രാമും ലൈഫ്‌റേ രൂപകൽപന ചെയ്തിട്ടുണ്ട്. ഈ ഇന്റേൺഷിപ്പ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലൈഫ്‌റേയിൽ തൊഴിലവസരങ്ങളും ഉണ്ടാകും.

”19 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഞങ്ങൾ ഇന്ത്യയിലെ മികച്ച പ്രതിഭകളെ കണ്ടെത്താനും ഇവിടുത്തെ ഞങ്ങളുടെ സേവനം വിപുലീകരിക്കാനുമാണ് ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ, ലൈഫ്‌റേയുടെ ബെംഗളൂരു ഓഫീസിൽ ക്ലൗഡ് സാങ്കേതികവിദ്യകൾ, പ്രൊഡക്ട് ഡെവലപ്മെന്റ്, മാർക്കറ്റിംഗ്, വിൽപന എന്നീ മേഖലകളിലെ വിവിധ റോളുകളിലേക്ക് പരിചയസമ്പന്നരും പുതുമുഖങ്ങളുമായ എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് ബിരുദധാരികളെ നിയമിക്കുന്നതാണ്”, ലൈഫ്‌റേ പ്രസ്താവനയിൽ പറഞ്ഞു.

Verified by MonsterInsights