എംജിയുടെ കുഞ്ഞൻ ഇലക്ട്രിക് കാർ ഇന്ത്യയില്‍ ഉടൻ അവതരിപ്പിക്കും. ഏറെ നാളായി എംജി ഇലക്ട്രിക് കാർ പുറത്തിറങ്ങുമെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ഇതിന് മറ്റു വിവരങ്ങളൊന്നു പുറത്തുവന്നിരുന്നില്ല. പദ്ധതി ഉപേക്ഷിച്ചെന്നുവരെ പ്രചരിച്ചു. ഇപ്പോഴിതാ പുറത്തിറക്കാൻ പോകുന്ന കുഞ്ഞൻ കാറിന് പേരിട്ടിരിക്കുകയാണ്.
എംജി എയർ ഇവിയെന്ന് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വാഹനത്തിന് കോമെറ്റ് എന്നാണ് എംജി പേര് സമ്മാനിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ മാക്‌റോബർട്ട്‌സൺ എയർ റേസിൽ പങ്കെടുത്ത 1934 ലെ ബ്രിട്ടീഷ് വിമാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാഹനത്തിന് ഈ പേര് നൽകിയിരിക്കുന്നത്.
സിറ്റി യാത്രകൾ ചെയ്യാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഇലക്ട്രിക് വാഹനത്തിനെ ചെറിയ വലിപ്പത്തിൽ ഒരുക്കുന്നത്. 2.9 മീറ്റർ നീളത്തോടെ എംജി എയർ ഇവി രാജ്യത്തെ ഏറ്റവും ചെറിയ കാറായി ഇത് മാറുകയും ചെയ്യും. ഫുൾ-വീഡ്ത്ത് ലൈറ്റ് ബാറും ക്രോം സ്ട്രിപ്പുകളും പ്രീമിയം ഫീലാണ് വാഹനത്തിലേക്ക് കൊണ്ടുവരിക. ഡ്യുവൽ-ടയർ ഹെഡ്‌ലൈറ്റുകൾ, ബ്ലാക്ക് റൂഫ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ഷോൾഡർ ലൈനുകൾ എന്നിവയും ഡിസൈനിന്‍റെ പ്രത്യോകതകളാണ്.
രണ്ട് ഡോറുകളുള്ള മോഡലിന്റെ അകത്തളത്തിൽ ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേ ഉൾപ്പെടെയുള്ള സവിശേഷതകൾ ഉണ്ടായിരിക്കും. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റേഷനുമുള്ള ഡ്യുവൽ 10.2 ഇഞ്ച് സ്‌ക്രീനുകൾ, 2-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, പ്രീമിയം അപ്‌ഹോൾസ്റ്ററി, ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 12 ഇഞ്ച് അലോയ് വീലുകൾ, സിംഗിൾ പാൻ സൺറൂഫ് എന്നിവയും കുഞ്ഞൻ കാറിന്റെ പ്രത്യേകതയാണ്.