ആപ്പിള്‍ ഇന്റലിജന്‍സ് ഉള്ള സിരി എപ്പോള്‍ ഐഫോണുകളിലെത്തും? വിശദമായറിയാം.

ഐഫോണ്‍ 16 സീരീസ് അവതരിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞയാഴ്ചയാണ് ആപ്പിള്‍ പുതിയ ഐഒഎസ് 18 അപ്‌ഡേറ്റ് പുറത്തിറക്കിയത്. ഐഫോണ്‍ 16 സീരീസ് ഐഒഎസ് 18 ഒഎസിലാണ് വില്‍പനയ്‌ക്കെത്തുന്നത്. ആദ്യ അപ്‌ഡേറ്റില്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ കമ്പനി അവതരിപ്പിച്ചിട്ടില്ല. ഒക്ടോബറില്‍ ഐഒഎസ് 18.1 അപ്‌ഡേറ്റില്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫോണുകളിലെത്തുമെന്നാണ് വിവരം.
ഐഒഎസില്‍ പ്രഖ്യാപിച്ച മുഴുവന്‍ ഫീച്ചറുകളും 2025 പൂര്‍ത്തിയാവുമ്പോഴേക്കും എത്തും. എഐ പിന്തുണയുള്ള പുതിയ ഫീച്ചറുകളില്‍ പരിഷ്‌കരിച്ച സിരിയാണ് മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന്. നേരത്തെ കേവലം ശബ്ദ നിര്‍ദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു വോയ്‌സ് അസിസ്റ്റന്റ് ആയിരുന്നുവെങ്കില്‍ ജനറേറ്റീവ് എഐ എത്തിയതോടെ സിരി ഇപ്പോള്‍ പൂര്‍ണമായും ഒരു പേഴ്‌സണല്‍ അസിസ്റ്റന്റ് ആയി മാറിയിട്ടുണ്ട്.








എന്നാല്‍ പുതിയ സിരി എപ്പോള്‍ എത്തുമെന്നതില്‍ വ്യക്തതയില്ല. ആപ്പിള്‍ ഇന്റലിജന്‍സ് പിന്തുണയ്ക്കുന്ന ഐഫോണ്‍ 15 പ്രോ മോഡലുകളിലും പുതിയ ഐഫോണ്‍ 16 സീരീസുകളിലുമായിരിക്കും പുതിയ സിരി ലഭിക്കുക. സിരി എപ്പോള്‍ പുറത്തിറങ്ങും എന്നത് സംബന്ധിച്ച് ബ്ലൂബെര്‍ഗ് ചീഫ് കറസ്‌പോണ്ടന്റായ മാര്‍ക്ക് ഗുര്‍മന്‍ ചില സൂചനകള്‍ നല്‍കുന്നുണ്ട്.
ഗുര്‍മന്‍ പറയുന്നതനുസരിച്ച് സിരിയുടെ ചില ഫീച്ചറുകള്‍ ഐഒഎസ് 18.3 അപ്‌ഡേറ്റില്‍ തന്നെ ഉണ്ടാകും. ജനുവരിയോടെ പുതിയ സീരി ഐഫോണുകളിലെത്താനാണ് സാധ്യത. ഓരോ ഐഒഎസ് അപ്‌ഡേറ്റിലും സിരി ഫീച്ചറുകളുണ്ടാവും. 18.1 അപ്‌ഡേറ്റില്‍ സിരിയുടെ പുതിയ യൂസര്‍ ഇന്റര്‍ഫേയ്‌സ് ഉള്‍പ്പടെ ചില മാറ്റങ്ങള്‍ എത്തും. ഒക്ടോബര്‍ പകുതിയിലോ അതിന് ശേഷമോ ഐഒഎസ് 18.1 അപ്‌ഡേറ്റ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം എത്തുന്ന 18.2 അപ്‌ഡേറ്റില്‍ ഇമേജ് പ്ലേ ഗ്രൗണ്ട്, ജെന്‍മോജി, ചാറ്റ്ജിപിടി പോലുള്ള ഫീച്ചറുകള്‍ അവതരിപ്പിച്ചേക്കും. അടുത്തവര്‍ഷം ജനുവരിയോടെ സിരിയുടെ അപ്‌ഡേറ്റുകള്‍ പൂര്‍ത്തിയാവുമെന്നും ഗുര്‍മന്‍ പറയുന്നു.







പുതിയ സിരി

ആപ്പിള്‍ ഇന്റലിജന്‍സിന്റെ പിന്‍ബലത്തില്‍ സിരി വോയ്‌സ് അസിസ്റ്റന്റിനെ അടിമുടി പരിഷ്‌കരിച്ചു. സിരിയുടെ ഐക്കണ്‍ ഉള്‍പ്പടെ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ജനറേറ്റീവ് എഐയുടെ സഹായത്തോടെ കൂടുതല്‍ സ്വാഭാവികമായ ഭാഷയിലുള്ള ശബ്ദനിര്‍ദേശങ്ങള്‍ പ്രൊസസ് ചെയ്യാന്‍ 
ഇപ്പോള്‍ സിരിക്ക് സാധിക്കും. സിരിയുടെ സഹായത്തോടെ ആപ്പുകളില്‍ ഉടനീളം വിവിധ കാര്യങ്ങള്‍ ചെയ്യാനാവും. നിങ്ങളെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ഇനി സിരിയ്ക്ക് സാധിക്കും. അതുവഴി കൂടുതല്‍ വ്യക്തിപരമായ പ്രതികരണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കാന്‍ സിരിക്കാവും.
ഉദാഹരണത്തിന് ഫോണില്‍ മുമ്പ് ചെയ്ത കാര്യങ്ങള്‍ ചോദിച്ചറിയാനും, സന്ദേശങ്ങളില്‍ നിന്നും ഇമെയിലുകളില്‍ നിന്നും ഏതെങ്കിലും ഒന്ന് അതിലെ ഉള്ളടക്കങ്ങളോ അയച്ച 
ആളിനെയോ സൂചിപ്പിച്ച് തിരയാന്‍ സിരിയുടെ സഹായം തേടാം. സമാനമായി സവിശേഷതകള്‍ വിശദീകരിച്ച് ഫോട്ടോസ് ആപ്പില്‍ നിന്ന് ചിത്രങ്ങള്‍ തിരയാനും ക്രമീകരിക്കാനും സിരിയുടെ സഹായത്തോടെ സാധിക്കും. ഇതിന് പുറമെ സിരിയിലൂടെ ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയും ഉപയോഗിക്കാനാവും.





Verified by MonsterInsights