ഏപ്രിലിലെ വൈദ്യുതി ഉപയോഗത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

ഏപ്രിലിലെ വൈദ്യുതി ഉപയോഗത്തില്‍ കേരളം ദേശീയശരാശരിയെക്കാള്‍ ഏറെ മുന്നില്‍. കഴിഞ്ഞവര്‍ഷത്തെ ഉപഭോഗത്തെക്കാള്‍ 15.62 ശതമാനമാണ് വര്‍ധന. ദേശീയ തലത്തില്‍ ഇത് 10.89 ശതമാനം മാത്രം. സംസ്ഥാനത്തിന്റെ ആവശ്യകതയുടെ എണ്‍പതുശതമാനത്തിലേറെ വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നതോടെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്കാണ് കെ.എസ്.ഇ.ബിയുടെ പോക്ക്. 

ആരോഗ്യം, വിദ്യാഭ്യാസം ,ആയുര്‍ദൈര്‍ഘ്യം തുടങ്ങിയ മാനവ വികസന സൂചികയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം വൈദ്യുതി ഉപഭോഗത്തില്‍ എങ്ങനെ പിന്നാക്കം പോകും 2023 ഏപ്രിലില്‍ കേരളം ഉപയോഗിച്ച വൈദ്യുതി 2759.95 ദശലക്ഷം യൂണിറ്റ് ആയിരുന്നെങ്കില്‍ ഈ വര്‍ഷം  3191.03 ദശലക്ഷം യൂണിറ്റ് ആയി കുതിച്ചു. വര്‍ധന 15.62 % വൈദ്യുതി ആവശ്യകത കഴിഞ്ഞവര്‍ഷം 5024 മെഗാവാട്ട്. ഈ വര്‍ഷം 5646 മെഗാവാട്ട്. 

ദേശീയതലത്തിലെ വൈദ്യുതി ഉപഭോഗം കൂടി നോക്കുമ്പോഴേ കേരളചിത്രം വ്യക്തമാകൂ. കഴിഞ്ഞവര്‍ഷം രാജ്യം ഉപയോഗിച്ചത്.1,30,080  ദശലക്ഷം യൂണിറ്റ് വൈദ്യുതി . ഈ ഏപ്രിലില്‍ 1,44,250 ദശലക്ഷം യൂണിറ്റ്. വര്‍ധന  10.89 ശതമാനം മാത്രം. 

രാജ്യത്ത് പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയില്‍ 3.84 % മാത്രമാണ് കൂടിയത്. കേരളത്തിലാകട്ടെ 12.38 ശതമാനമാണ് വര്‍ധന. വൈദ്യുതിയിലും പക്കാ ഉപഭോക്തൃസംസ്ഥാനമായ കേരളം ,നമുക്ക് വേണ്ട വൈദ്യുതിയുടെ സിംഹഭാഗവും ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കൂടിക്കൂടിവരുന്നവെന്ന് സാരം.

Verified by MonsterInsights