വീണ്ടും ടെലികോം വിപണിയെ ഞെട്ടിച്ച് ബിഎസ്എന്‍എല്‍. തുടര്‍ച്ചയായ രണ്ടാം മാസവും ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി)യുടെ ഓഗസ്റ്റിലെ പ്രതിമാസ റിപ്പോര്‍ട്ടില്‍ ബിഎസ്എന്‍എല്‍ തന്നെ ഒന്നാമത്. ഇന്ത്യയിലെ ടെലിക്കോം കമ്പനികളായ ജിയോ, എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ (വിഐ) തുടങ്ങിയവയെല്ലാം പിന്തള്ളിയാണ് ബിഎസ്എന്‍എല്ലിന്റെ നേട്ടം. ഓഗസ്റ്റില്‍ ഏറ്റവുമധികം പേര്‍ പുതിയതായി കണക്ഷന്‍ എടുത്തത് ബിഎസ്എന്‍എല്ലിലേക്ക് ആണ്.
ജൂലൈയിലെ ട്രായി റിപ്പോര്‍ട്ട് വന്നപ്പോള്‍ ബിഎസ്എന്‍എല്ലിലേക്ക് കൂടുതല്‍ വരിക്കാര്‍ എത്തിയതായും മറ്റ് കമ്പനികളുടെ വരിക്കാരുടെ എണ്ണം കുറഞ്ഞതായും റിപ്പോര്‍ട്ട് വന്നിരുന്നു. ഇപ്പോള്‍ ഓഗസ്റ്റിലെ റിപ്പോര്‍ട്ട് എത്തിയപ്പോഴും ബിഎസ്എന്‍എല്‍ തന്നെയാണ് മുന്‍പില്‍. ഓഗസ്റ്റിലെ കണക്ക് പ്രകാരം ജിയോയ്ക്കാണ് ഏറ്റവുമധികം വരിക്കാരെ നഷ്ടമായിരിക്കുന്നത്. ജൂലൈയ്ക്ക് മുന്‍പ് വരെ ബിഎസ്എന്‍എല്ലിനും വിഐക്കും വരിക്കാരെ നഷ്ടമാകുകയും ജിയോയും എയര്‍ടെലും കൂടുതല്‍ വരിക്കാരെ സ്വന്തമാക്കുകയും ചെയ്തിരുന്നു.
കണക്കുകള്‍ പ്രകാരം ഓഗസ്റ്റില്‍ 25.3 ലക്ഷം ഉപയോക്താക്കള്‍ പുതിയതായി ബിഎസ്എന്‍എല്ലിലേക്ക് എത്തി. അതേസമയം, സ്വകാര്യ കമ്പനികള്‍ക്ക് നഷ്ടത്തിന്റെ കണക്കാണ് പറയാനുള്ളത്. റിലയന്‍സ് ജിയോയ്ക്ക് 40.2 ലക്ഷം വരിക്കാരെയും എയര്‍ടെലിന് 24.1 ലക്ഷം വരിക്കാരെയും വോഡഫോണ്‍ ഐഡിയയ്ക്ക് 18.7 ലക്ഷം വരിക്കാരെയും നഷ്ടമായി. നിലവിലുള്ള കമ്പനികള്‍ ഉപേക്ഷിച്ച് എല്ലാവരും എത്തിയത് ബിഎസ്എന്‍എല്ലിലേക്കാണ് എന്ന് പറയാനാകില്ല.