എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് ; ഏപ്രില്‍ 1 മുതല്‍ മാറുന്ന മലയാളിയുടെ ജീവിതം

വിലക്കയറ്റത്തിന്‍റെ നാളുകളാണ് മലയാളികളെ ഇനി കാത്തിരിക്കുന്നത്. കേന്ദ്ര സംസ്ഥാന ബജറ്റുകളില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവ്, സെസ് ഈടാക്കല്‍ എന്നിവ ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ധനത്തിനും വാഹനങ്ങൾക്കും വീടിനും മരുന്നിനും വെള്ളത്തിനും മദ്യത്തിനും വൈദ്യുതിക്കും വിലകൂടും. ഇന്ധന വില 2രൂപ കൂടുന്നതോടെ വിപണിയിൽ വൻ വിലക്കയറ്റമുണ്ടാവും. ചുരുക്കി പറഞ്ഞാല്‍ കണ്ടറിയണം മലയാളികളെ നിങ്ങളുടെ വരും നാളുകളിലെ ജീവിതം.

പെട്രോളിനും ഡീസലിനും നിരക്കുയരുന്നത് ചരക്ക് ഗതാഗത ചെലവ് കൂട്ടും. അതുവഴി സാധനങ്ങളുടെ വില കുതിച്ചു കയറും. വെള്ളക്കരം കിലോലിറ്ററിന് 10രൂപയുടെ വർദ്ധന ഇതിനകം നിലവിൽവന്നു. വൈദ്യുതി തീരുവയിലും ഉടൻ മാറ്റം വരും. വിപണി മൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം അനുസരിച്ച് ഭൂമിയുടെ ന്യായവില 20%വർദ്ധിക്കും. ഉയർന്ന വിപണിമൂല്യമുള്ളിടത്ത് വർദ്ധന30% വരെയാകാം. ഇതനുസരിച്ച് രജിസ്ട്രേഷൻ ഫീസിലും വർദ്ധനയുണ്ടാകും. തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതി 5% ഏപ്രിൽ മുതൽ വർദ്ധിപ്പിക്കും.

കോർട്ട് ഫീ സ്റ്റാംപ്,ഫ്ളാറ്റുകളുടെ മുദ്രപ്പത്ര വില എന്നിവയും കൂട്ടും. രജിസ്‌ട്രേഷന് ഇ-സ്റ്റാമ്പിംഗ് നിർബന്ധമാക്കും. കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസും വർദ്ധിക്കും. മരുന്നുകളുടെ മൊത്തവിലസൂചികയിൽ വർഷം തോറും 12.12%വരെ വർദ്ധനവിന് കേന്ദ്രസർക്കാർ കഴിഞ്ഞവർഷം അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് ഇൗ വർഷം ഏപ്രിൽ ഒന്നുമുതൽ 900ത്തോളം മരുന്നുകളുണ്ടാക്കാൻ ഉപയോഗിക്കുന്ന 384 മോളിക്യൂളുകളുടെ വിലയിൽവൻ വർദ്ധനയുണ്ടാകും.

ഇതോടെ ജീവൻരക്ഷാ മരുന്നുകൾ, വേദനസംഹാരികൾ, ഹൃദ്രോഗരമരുന്നുകൾ, ആന്റിബയോട്ടിക്സ്, രോഗപകർച്ചാ പ്രതിരോധമരുന്നുകൾ എന്നിവയുടെ വിലകൂടും. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി ജീവൻരക്ഷാമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാൽ അത്തരം മരുന്നുകളുടെ വില വർദ്ധന 2% ആയി പരിമിതപ്പെടുത്തും.മറ്റ് മരുന്നുകളുടെ വില കുത്തനെ ഉയരുന്ന സാഹചര്യമുണ്ടാകും.

ഇറക്കുമതി ചെയ്ത ആഡംബരകാറുകൾക്കും ഇലക്ട്രിക് വാഹനങ്ങളും ഈടാക്കുന്ന കസ്റ്റംസ്ഡ്യൂട്ടി 60 ശതമാനത്തിൽ നിന്ന് 70 ശതമാനമായി കേന്ദ്രസർക്കാർ ഉയർത്തിയത് ഏപ്രിൽ മുതൽ നടപ്പാകുന്നതോടെ വാഹനങ്ങളുടെ വില ഉയർത്തും. ഇതോടൊപ്പം വാഹനങ്ങളിൽ തത്സമയം മലനീകരണം പരിശോധിക്കുന്ന ഓൺ ബോർഡ് ഡയഗ്‌നോസ്റ്റിക് എന്ന ഉപകരണം ഘടിപ്പിക്കേണ്ടതുണ്ട്.

ഇതിനാൽ വാഹനങ്ങൾക്ക് 10,000രൂപ മുതൽ 30,000 രൂപ വരെ വില വർദ്ധിക്കും. എൻട്രി ലെവൽ സ്‌കൂട്ടറുകൾക്ക് 2500രൂപ കൂടും. സംസ്ഥാന ബജറ്റ് അനുസരിച്ച് 5ലക്ഷംരൂപ വരെവിലയുള്ള വാഹനങ്ങൾക്ക് 1%, 5ലക്ഷം മുതൽ 15ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് 2%,1 5ലക്ഷം മുതൽ 20ലക്ഷം വരെയും, 20 ലക്ഷം മുതൽ 30ലക്ഷംവരെയും അതിനുമുകളിലും 1%വീതമാണ് നികുതി വർദ്ധന.വിൽക്കുന്ന ഭൂരിപക്ഷം കാറുകളും 5–15 ലക്ഷം രൂപ നിലവാരത്തിലുള്ളതാണ്. 2% നിരക്ക് കൂടമ്പോൾ നികുതിയിലെ വർദ്ധന 10,000മുതൽ 30,000രൂപ വരെയും. 15–20 ലക്ഷമാണു വിലയെങ്കിൽ 1%വർദ്ധന അനുസരിച്ച് 15,000രൂപ മുതൽ 20000 രൂപ വരെയുംകൂടും

ബജറ്റിൽ സംസ്ഥാനം മദ്യത്തിന് വില വർദ്ധിപ്പിച്ചപ്പോൾ കേന്ദ്രം നോട്ടമിട്ടത് സിഗരറ്റിനെയാണ്. 500രൂപ മുതൽ 999 രൂപ വരെ വിലയുള്ള മദ്യത്തിന് ബോട്ടിലൊന്നിന് 20രൂപയും 1,000രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യത്തിന് ബോട്ടിലൊന്നിന് 40 രൂപയും ഏപ്രിൽ 1 മുതൽ സെസും പുറമെ 10രൂപാവീതം ബെവ്കോയുടെ കൈകാര്യ ചെലവും കൂടി വരുന്നതോടെ 1000രൂപ വരെയുളള മദ്യത്തിന് 30രൂപയും അതിന് മുകളിൽ വിലയുള്ളതിന് 50രൂപയും കൂടും.

കേന്ദ്രസർക്കാർ സിഗരറ്റിന് മുകളിൽ 16ശതമാനം നികുതിയാണ് വർദ്ധിപ്പിച്ചത്. സിഗരറ്റിന്റെ വലിപ്പം, ഫിൽട്ടർ മുതലായവയെ അടിസ്ഥാനമാക്കി വിലയിൽ 16 ശതമാനം വർദ്ധനവുണ്ടാകും. കേന്ദ്രബജറ്റ് പ്രഖ്യാപനങ്ങളെ തുടർന്ന് സ്വർണത്തിനൊപ്പം വെള്ളി,രത്നം എന്നിവയ്ക്കും വിലയേറും. വസ്ത്രങ്ങൾക്കും കുടയ്ക്കും വില കൂടും. സ്വർണ്ണാഭരണങ്ങൾക്ക് ഹാൾമാർക്കിംഗ് നിർബന്ധമാക്കും. സ്വർണകട്ടികൾ കൊണ്ട് നിർമ്മിച്ച സാധനങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഏപ്രിൽ മുതൽ വർദ്ധിക്കുന്നതോടെ സ്വർണ്ണത്തിന് ഇനിയും വിലകൂടും.

Verified by MonsterInsights