അറിയാം തിളപ്പിച്ച നാരങ്ങാ വെള്ളത്തിന്റെ ഗുണങ്ങൾ

ദാഹവും ക്ഷീണവും അകറ്റുന്ന രുചികരമായ പാനീയം ഏതെന്നു ചോദിച്ചാൽ നാരങ്ങാ വെള്ളം എന്നുതന്നെയാവും ഉത്തരം. നിർജലീകരണം തടയാനും ആരോഗ്യഗുണങ്ങളേറെയുള്ള നാരങ്ങാ വെള്ളം സഹായിക്കും. വിവിധ തരത്തിൽ നാരങ്ങാവെള്ളം ഉണ്ടാക്കാം. തിളപ്പിച്ച നാരങ്ങാ വെള്ളം ആണ് അതിലൊന്ന്. സാധാരണ വെള്ളത്തിനും തണുത്ത വെള്ളത്തിനും പകരം തിളപ്പിച്ച വെള്ളമാണ് ഇതുണ്ടാക്കാൻ ഉപയോഗിക്കുന്നത്.

വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. ഒരു നാരങ്ങയുടെ ജ്യൂസിൽ ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമായ ഡെയിലി വാല്യൂ (DV) വിന്റെ 21 ശതമാനം അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഫ്ലേവനോയിഡും നാരങ്ങയിൽ ധാരാളമുണ്ട്. കൊഴുപ്പ്, അന്നജം, ഷുഗർ ഇവ വളരെ കുറഞ്ഞ പാനീയമാണിത്. പൊട്ടാസ്യം, ഫോളേറ്റ്, വൈറ്റമിൻ ബി എന്നിവയും വൈറ്റമിനുകളും ധാതുക്കളും നാരങ്ങയിലുണ്ട്.

19 വയസിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് ദിവസം 75 മി.ഗ്രാം വൈറ്റമിൻ സി യും പുരുഷന്മാർക്ക് 90 മി.ഗ്രാം വൈറ്റമിൻ സി യും ഒരു ദിവസം ആവശ്യമാണ്. തിളപ്പിക്കുമ്പോൾ പോഷക ഗുണങ്ങൾ കുറയും എന്നാൽ ചില പഠനങ്ങൾ പറയുന്നതെങ്കിലും തിളപ്പിച്ച നാരങ്ങാവെള്ളം ആരോഗ്യത്തിന് ഏറെ ഗുണമാണ്.

  * ചർമത്തിന് ആരോഗ്യമേകുന്നു

വൈറ്റമിൻ സി യും ധാരാളം അടങ്ങിയതിനാൽ നാരങ്ങാവെള്ളം ചർമത്തിന് സംരക്ഷണമേകും. പ്രായമാകലിന്റെ ലക്ഷണങ്ങൾ കുറയ്ക്കും. മുഖക്കുരു വരാതെ തടയും. മുറിവുകൾ വേഗമുണങ്ങാൻ വൈറ്റമിൻ സി സഹായിക്കുന്നു. ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് ചർമത്തിന് ഉണർവും തിളക്കവും നൽകും.

  * രക്തസമ്മർദം കുറയ്ക്കുന്നു

രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ചില ധാതുക്കൾ നാരങ്ങാ വെള്ളത്തിലുണ്ട്. കാൽസ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ രക്തസമ്മർദം കുറയ്ക്കും. രക്തസമ്മർദം വളരെ പെട്ടെന്ന് സാധാരണ നിലയിലാക്കാൻ നാരങ്ങാ വെള്ളം സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

  * പ്രതിരോധ ശക്തി വർധിപ്പിക്കുന്നു

വൈറ്റമിൻ സി പ്രതിരോധ ശക്തി വർധിപ്പിക്കുന്നു. കോവിഡ്, ഫ്ലൂ തുടങ്ങിയ ശ്വസന രോഗങ്ങളിൽ നിന്ന് ഇത് സംരക്ഷണമേകും.

  * ദഹനം മെച്ചപ്പെടുത്തുന്നു

മലബന്ധം, നെഞ്ചെരിച്ചിൽ, വയറിനു കനം തുടങ്ങിയവ മൂലം വിഷമിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ഭക്ഷണം കഴിച്ച ശേഷം ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിച്ചാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമേകും. ചൂടു വെള്ളം കുടിക്കുന്നത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നു ഒപ്പം ശരീരഭാരം കുറയ്ക്കുന്നു.

തിളപ്പിച്ച നാരങ്ങാവെള്ളം രണ്ടു തരത്തിൽ ഉണ്ടാക്കാം. ഒന്നാമതായി ഒരു നാരങ്ങയുടെ മുറി പിഴിഞ്ഞെടുക്കുക. ഈ നാരങ്ങാ നീര് ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളത്തിൽ ചേർക്കുക. ചൂടാറിയ ശേഷം കുടിക്കാം. രണ്ടാമതായി നാരങ്ങാ ചെറിയ കഷണങ്ങളായി മുറിക്കാം. തിളപ്പിച്ച ഒരു ഗ്ലാസ് വെള്ളത്തിലേക്ക് നാരങ്ങാ മുറി ഇടുക. തണുത്ത ശേഷം കുടിക്കാം.

നാരങ്ങാ വെള്ളം രുചികരവും ആരോഗ്യകരവുമായ ഒരു പാനീയമാണ്. ശരീരത്തിൽ ജലാംശം നില നിർത്താൻ ഇത് സഹായിക്കും. എന്നാൽ കൂടിയ അളവിൽ ഇത് കുടിക്കാൻ പാടില്ല. ഇത് പല്ലിന്റെ ഇനാമലിന് കേടു വരുത്തും. ദിവസം ഒന്നോ രണ്ടോ ഗ്ലാസ് നാരങ്ങാ വെള്ളം കുടിക്കുന്നത് ആരോഗ്യ ഗുണങ്ങളേകും.

ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.
എല്ലാവരും മാസ്‌ക് ധരിച്ചും
സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും
വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു.
Verified by MonsterInsights