സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടുന്നതിനാല്‍ ഉത്പാദനത്തെക്കുറിച്ചുള്ള ആശങ്ക വര്‍ധിക്കുകയാണ്. ഇത് ഉപഭോക്താക്കളേയും ഒരുപോലെ ബാധിക്കുന്ന കാര്യമായതിനാല്‍ പീക്ക് സമയത്തെ ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് എനര്‍ജി മാനേജ്മെന്റ് സെന്റര്‍ പറയുന്നു. വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ കൂടിയ നിരക്കില്‍ വൈദ്യുതി കേരളത്തിന് പുറത്തുനിന്നും വാങ്ങേണ്ട സാഹചര്യമാണുള്ളത്. വൈകിട്ട് ആറ് മുതല്‍ രാത്രി 11 വരെയുള്ള സമയമാണ് പീക്ക് സമയം. ഈ സമയം എയര്‍കണ്ടീഷണര്‍, കൂളര്‍, ഫാന്‍ എന്നിവയുടെയെല്ലാം ഉപയോഗം കൂടുന്നുണ്ട്. ഇവ ഒഴിവാക്കാനും സാധിക്കില്ല. അതിന് മറ്റ് വഴികള്‍ സ്വീകരിക്കണമെന്നും എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ചൂണ്ടിക്കാട്ടുന്നു.നിങ്ങളുടെ വീട്ടിലെ ഉപകരണങ്ങള്‍ എത്ര വൈദ്യുതി ഉപയോഗിക്കുന്നുവെന്ന് അറിയാമോ നിങ്ങള്‍ക്ക്. 60 wവാട്ടിന്റെ (60 w)സാധാ ബള്‍ബ് 16 മണിക്കൂര്‍ 40 മിനുട്ട് കത്തുമ്പോള്‍ ഒരു യൂനിറ്റ് കറന്റാണ് ഉപയോഗിക്കുന്നത്. അത് 100W ആയാലോ. പത്ത് മണിക്കൂര്‍ കത്തുമ്പോള്‍ തന്നെ ഒരു യൂനിറ്റ് കറന്റ് ഉപയോഗിക്കുന്നു. 1500 W എയര്‍ കണ്ടീഷണര്‍ വെറും 40 മിനുട്ട് ഉപയോഗിക്കുമ്പോള്‍ തന്നെ ഒരു യൂനിറ്റ് ആവുന്നു. ഓവന്, വാട്ടര്‍ ഹീറ്റര്‍, ഇന്റക്ഷന്‍ കുക്കര്‍ തുടങ്ങിയവയും ഇത്തരത്തില്‍ ഭീമമായ കറന്റ് വലിക്കുന്നവയാണ്
അതിനാല്‍ ഉപയോഗത്തില്‍ നാം ഏറെ ശ്രദ്ധ ചെയുത്തേണ്ടതുണ്ട്. വീടുകളില്‍ വൈകുന്നേരം ആറു മുതല്‍ രാത്രി 11 വരെ ഇന്‍ഡക്ഷന്‍ കുക്കര്‍, പമ്പുകള്‍, വാഷിംഗ് മെഷീന് എന്നിവ ഓണാക്കാതിരിക്കുക. വീടുകളിലും ഓഫിസുകളിലും എയര്‍കണ്ടീഷണറിന്റെ (എ.സി.) താപനില 25 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യാം. ഓരോ ഡിഗ്രി താഴ്ത്തി സെറ്റ് ചെയ്യുമ്പോഴും ആറ് ശതമാനം വൈദ്യുതി അധികം വേണ്ടിവരും. വൈദ്യുത ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ബി.ഇ.ഇ. സ്റ്റാര്‍ ലേബലുള്ള ഊര്‍ജ്ജകാര്യക്ഷമത കൂടിയവ വാങ്ങുക. ഏറ്റവും ഊര്‍ജ്ജകാര്യക്ഷമത കൂടിയ വൈദ്യുത ഉപകരണത്തിന് 5 സ്റ്റാര്‍ ലേബലിംഗ് ആണ് ഉള്ളത്. അത് വാങ്ങുക വഴി ഊര്‍ജ്ജ ഉപയോഗം കുറയ്ക്കാം.സാധാരണ ഫാന്‍ (55 വാട്ട്സ്) ഉപയോഗിക്കുന്ന സ്ഥാനത്ത് ഊര്‍ജ്ജകാര്യക്ഷമത കൂടിയ ബി.എല്‍.ഡി.സി. ഫാന്‍ (28 വാട്ട്സ്) ഉപയോഗിച്ചാല്‍ ഒരു മാസത്തില്‍ 6.48 യൂണിറ്റ് വൈദ്യുതി ലാഭിക്കാം. ഇതുപോലെ എല്ലാ ഉപകരണങ്ങളുടെയും കാര്യക്ഷമത പരിശോധിക്കണം. ബി.ഇ.ഇ. സ്റ്റാര്‍ ലേബലുള്ള ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ലേബലിന്റെ കാലാവധി, റ്റിഡി പദവി എന്നിവ സസൂഷ്മം നിരീക്ഷിച്ച് വാങ്ങുക.