ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ന്യൂകാസിലിനോട് പരാജയപ്പെട്ടതിന് പിന്നാലെ യുവേഫ ചാംപ്യൻസ് ലീഗിലും ആഴ്സണലിന് തിരിച്ചടി. ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനോട് എതിരില്ലാത്ത ഒരു ഗോളിന് ആഴ്സണൽ പരാജയപ്പെട്ടു. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ 48-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ ഹകൻ ചാഹനഗ്ലുവാണ് ഇന്ററിനായി വലചലിപ്പിച്ചത്. മത്സരത്തിൽ 63 ശതമാനം സമയവും പന്തിനെ നിയന്ത്രിച്ചിട്ടും ആഴ്സണലിന് വലചലിപ്പിക്കാൻ കഴിയാതെപോയി.
മറ്റൊരു മത്സരത്തിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ സ്പാനിഷ് ക്ലബ് അത്‍ലറ്റികോ മാഡ്രിഡ് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അത്‍ലറ്റികോ ഡി മാഡ്രിഡിന്റെ വിജയം. മത്സരത്തിന്റെ 14-ാം മിനിറ്റിൽ വാറൻ സയർ എമറിയാണ് പിഎസ്ജിയ്ക്കായി വലചലിപ്പിച്ചത്. തൊട്ടുപിന്നാലെ 18-ാം മിനിറ്റിൽ നഹ്വല്‍ മൊളീനയുടെ ഗോളിൽ അത്‍ലറ്റികോ ഒപ്പമെത്തി. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ 93-ാം മിനിറ്റിലാണ് മത്സരത്തിൽ വിജയഗോൾ പിറന്നത്. എയ്ഞ്ചൽ കൊറിയ അത്‍ലറ്റികോ മാഡ്രിഡിനായി വലചലിപ്പിച്ചു.
സെർബിയൻ ക്ലബ് ക്രെവെന സ്വെസ്ദയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് സ്പാനിഷ് ക്ലബ് ബാഴ്സലോണ വിജയം ആഘോഷിച്ചത്. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ബാഴ്സയ്ക്കായി ഇരട്ട ഗോളുകൾ നേടി. ഇനിഗോ മാർട്ടിനെസ്, റാഫീന്യ, ഫെർമിൻ ലോപ്പസ് എന്നിവർ ഓരോ തവണയും ബാഴ്സയ്ക്കായി വലചലിപ്പിച്ചു.
പോർച്ചുഗീസ് ക്ലബ് ബെൻഫീകയെ തോൽപ്പിച്ച് ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കും വിജയവഴിയിൽ തിരിച്ചെത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ബയേണിന്റെ വിജയം. ജർമ്മൻ താരം ജമാൽ മുസിയാലയാണ് ബയേണിനായി വിജയഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ സ്പാനിഷ് ക്ലബ് ബാഴ്സയോട് പരാജയപ്പെട്ടതിന് ശേഷമാണ് ബയേൺ ചാംപ്യൻസ് ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തിയത്