ഈ കാലത്ത് ആധാർ കാർഡുകളിലെ വിവരങ്ങൾ ചോർത്തി നിരവധി തട്ടിപ്പുകളാണ് നടത്തുന്നത്. പ്രധാനമായും പണം തട്ടാനും മറ്റുമാണ് ആധാർ കാർഡ് വിവരങ്ങൾ ചോർത്തുന്നത്. എന്നാൽ ഇങ്ങനെയുള്ള ചോർത്തലുകൾ തടയാൻ വേണ്ടി കേന്ദ്രസർക്കാരിന് കീഴിലുള്ള യുഐഡിഎഐ മാസ്‌ക്ഡ് ആധാർ കാർഡ് പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം മിക്ക ആളുകൾക്കും അറിയില്ല എന്നതാണ് സത്യം. എന്താണ് മാസ്‌ക്ഡ് ആധാർകാർഡ്.ആധാർകാർഡിന് 12 അക്ക നമ്പറാണ് ഉള്ളത്. സുരക്ഷയുടെ ഭാഗമായി ആധാർ കാർഡിന്റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്നതാണ് മാസ്‌ക്ഡ് ആധാർ. ആദ്യ എട്ട അക്കം xxxx xxxx എന്ന നിലയിലാണ് തെളിയുക . ഇങ്ങനെ നാലക്കം മാത്രം പുറത്ത് കാണിക്കുന്നതിനാൽ ഉപയോക്താവിന്റെ സ്വകാര്യവിവരങ്ങൾ ചോർത്താൻ എളുപ്പമല്ല.

യുഐഡിഎഐ നൽകുന്നത് കൊണ്ട് മാസ്‌ക്ഡ് ആധാർ കാർഡ് അംഗീകൃത രേഖയാണ്. ദുരുപയോഗം തടയുന്നതിന് സാധാരണ ആധാർ കാർഡിന്റെ പകർപ്പ് നൽകുന്നതിന് പകരം മാസ്‌കഡ് ആധാർ കാർഡ് നൽകാനാണ് യുഐഡിഎഐ നിർദേശിക്കുന്നത്.ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://myaadhaar.uidai.gov.in/ സന്ദർശിച്ച് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആധാർ നമ്പർ നൽകിയ ശേഷം മൊബൈൽ നമ്പറിൽ വരുന്ന ഒടിപി നൽകിയാണ് ഡൗൺലോഡ് നടപടി ആരംഭിക്കേണ്ടത്. സർവീസസ് സെക്ഷനിൽ നിന്നാണ് മാസ്‌ക്ഡ് ആധാർ ഡൗൺലോഡ് ചെയ്യേണ്ടത്.
