ഏറ്റവും ചിലവു കുറഞ്ഞതും പെട്ടെന്ന് ലഭ്യമാകുന്നതുമായ പോഷകാഹാരങ്ങളില്‍ ഒന്നാണ് മുട്ട. രാവിലെ പെട്ടെന്ന് എങ്ങോട്ടെങ്കിലും പോകാനുണ്ടെങ്കിലും വൈകുന്നേരങ്ങളില്‍ ഓഫീസില്‍ നിന്നു വന്നു പാചകം ചെയ്യാന്‍ ക്ഷീണം കാരണം സാധിക്കാതിരിക്കുമ്പോഴുമെല്ലാം മുട്ട രക്ഷകനായി എത്താറുണ്ട്. ഓംലറ്റ് അടിച്ചോ ബുള്‍സൈ ആക്കിയോ, പുഴുങ്ങിയോ എങ്ങനെ കഴിക്കാന്‍ ആണെങ്കിലും 10 മിനിറ്റിലധികം സമയവും എടുക്കില്ല.
പ്രോട്ടീന്‍, ഒമേഗ 3 എന്നിവയെല്ലാം ഉള്ള മുട്ട, ബ്രേക്ക്ഫാസ്റ്റ് ആയിട്ടാണ് സാധാരണയായി എല്ലാവരും കഴിക്കാറുള്ളത്. പോഷകങ്ങള്‍ കിട്ടുന്നതോടൊപ്പം തന്നെ പെട്ടെന്ന് വിശക്കില്ല എന്നൊരു മെച്ചം കൂടിയുണ്ട്. എന്നാല്‍ അത്താഴമായി കഴിക്കാന്‍ പറ്റിയ ഒരു സാധനമാണോ ഈ മുട്ട? അതേ എന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉത്തരം. വൈകുന്നേരം മുട്ടകഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
മുട്ടയില്‍ ട്രിപ്റ്റോഫാൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു, മനസ്സ് ശാന്തമാക്കാനും ശരീരത്തിലെ ഹോർമോൺ തകരാറുകൾ കുറയ്ക്കാനും സഹായിക്കും. മാത്രമല്ല, മുട്ട ഉറങ്ങാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ആയ മെലറ്റോണിൻ ഉത്പാദിപ്പിക്കാനും തലച്ചോറിനെ സഹായിക്കുന്നു.
കൂടാതെ മുട്ടയില്‍ വിറ്റാമിന്‍ ഡിയും അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെയും മസ്തിഷ്ക കോശങ്ങളുടെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നു. വൈകുന്നേരങ്ങളിൽ മുട്ട കഴിക്കുമ്പോൾ നല്ല കൊളസ്‌ട്രോള്‍ ശരീരത്തിൽ സംഭരിക്കപ്പെടും.
വൈകുന്നേരങ്ങളിൽ മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇത് ആമാശയത്തിന്‍റെ ചലനം വേഗത്തിലാക്കുന്നു, രണ്ടാമതായി, ഇതിലെ പ്രോട്ടീൻ മൂലം പെട്ടെന്ന് വിശക്കില്ല, ഇത് രാത്രിയില്‍ പലഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നു.”