അതിരപ്പിള്ളിയുടെ സൗദര്യം ആസ്വദിക്കാൻ വരുന്ന സഞ്ചാരികൾക്ക് കുളിരേകാൻ മടുക്കമരങ്ങൾ
വേനൽക്കാലത്ത് അതിരപ്പിള്ളിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് കുളിരേകാൻ മടുക്കമരങ്ങൾ. വനസംരക്ഷണസമിതി പ്രവർത്തകരാണ് മരങ്ങൾ വെച്ചുപിടിപ്പിച്ചത്. വേനൽക്കാലത്ത് വനത്തിനുള്ളിലെ തേക്ക് അടക്കം ഭൂരിഭാഗം മരങ്ങളും ഇലപൊഴിച്ച് നില്ക്കുന്നതിനാൽ നല്ല ചൂട് അനുഭവപ്പെടാറുണ്ട്. വേനൽക്കാലത്ത് ഇലപൊഴിക്കാതെ വർഷം മുഴുവൻ പച്ചപുതച്ച് കുളിർമ നല്കുന്നവയാണ് മടുക്കമരങ്ങൾ.
വെള്ളച്ചാട്ടത്തിന് മുകളിലേക്കുള്ള നടപ്പാതയുടെ ഒരു ഭാഗത്താണ് ഇവ വെച്ചുപിടിപ്പിക്കുന്നത്. കവാടം മുതൽ വെള്ളച്ചാട്ടത്തിന്റെ മുകൾഭാഗം വരെ അറുപതോളം മരങ്ങൾ വെച്ചുപിടിപ്പിക്കുന്നുണ്ട്. വനസംരക്ഷണസമിതി പ്രവർത്തകനായ കെ.എം. സുരേന്ദ്രനാണ് നേതൃത്വം നൽകുന്നത്. കാട്ടിനുള്ളിൽ പോയി കൊണ്ടുവരുന്ന തൈകളാണ് നടുന്നത്. വനസംരക്ഷണസമിതിയുടെ ഷെഡ്ഡിൽ ആഹാരം പാകംചെയ്യുമ്പോൾ കിട്ടുന്ന ചാരം വളമായി ഇട്ടുമൂടുന്നു. മുളങ്കമ്പുകൾക്കൊണ്ട് സംരക്ഷണവേലികളും നിർമിച്ചിട്ടുണ്ട്.
വെള്ളച്ചാട്ടത്തിന്റെ താഴെഭാഗത്ത് മരങ്ങൾ നശിച്ചയിടത്ത് ഇലഞ്ഞിത്തെകൾ നടാനും വനസംരക്ഷണസമിതിക്ക് പദ്ധതിയുണ്ട്.
ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.