അത്യാധുനിക ജില്ലാ ഭക്ഷ്യ പരിശോധനാ ലാബിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു ഭക്ഷ്യ പരിശോധനാ സംവിധാനങ്ങള്‍ വിപുലമാക്കും

ഭക്ഷ്യ പരിശോധനാ സംവിധാനങ്ങള്‍ വിപുലമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയില്‍ സജ്ജമാക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അത്യാധുനിക ജില്ലാ ഭക്ഷ്യ പരിശോധനാ ലാബിന്റെ ശിലാസ്ഥാപനംടൗണ്‍ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യപരിശോധനാ സംവിധാനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കും. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.

രജിസ്‌ട്രേഷന്‍ ഇല്ലാതെ നടത്തുന്ന കടകള്‍ക്ക് ലൈസന്‍സ് എടുക്കുന്നതിനുള്ള അവസരം വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് വകുപ്പ് പരിശോധന നടത്തും. ശുചിത്വം അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഫുഡ് സേഫ് ലോക്കല്‍ ബോഡി എന്ന പദ്ധതി സംസ്ഥാനത്തെ 140 പഞ്ചായത്തുകളില്‍ നടത്തിവരികയാണ്. അവ എല്ലാ പഞ്ചായത്തിലേക്കും വ്യാപിപ്പിക്കും. സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഹൈജീന്‍ റേറ്റിംഗ് നല്‍കുന്ന പദ്ധതി ഉടന്‍ നടപ്പാക്കാന്‍ പോവുകയാണ്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിവരങ്ങള്‍ എല്ലാം വകുപ്പ് വെബ് സൈറ്റില്‍ ലഭ്യമാക്കും.

പത്തനംതിട്ട ടൗണിനടുത്ത് അണ്ണായിപ്പാറയിലെ 11 സെന്റ് വസ്തുവിലാണ് ലാബ് സജ്ജമാക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. 3.1 കോടി രൂപ ചെലവില്‍ മൂന്നു നിലകളിലായാണ് അത്യാധുനിക ഭക്ഷ്യ പരിശോധനാ ലാബ് സ്ഥാപിക്കുന്നത്. ലാബ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ എല്ലാത്തരം ഭക്ഷ്യ സാമ്പിളുകളുടെ പരിശോധനകളും സാധ്യമാകും.

അത്യാധുനിക ഹൈ എന്‍ഡ് ഉപകരണങ്ങളാണ്ഭക്ഷ്യ പരിശോധനാ ലാബില്‍ സജ്ജമാക്കുന്നത്. വിവിധ സൂക്ഷ്മാണു പരിശോധനകള്‍, കീടനാശിനി പരിശോധനകള്‍, മൈക്കോടോക്സിന്‍ തുടങ്ങിയ അത്യാധുനിക പരിശോധനാ സംവിധാനങ്ങളും ഇവിടെ ഉണ്ടാകും. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ ലബോറട്ടറി പൂര്‍ണ സജ്ജമായി കഴിഞ്ഞാല്‍ കുടിവെള്ളത്തിന്റേയും ഭക്ഷണ പദാര്‍ഥങ്ങളുടേയും പരിശോധന ഇവിടെത്തന്നെ കാര്യക്ഷമമായി നടത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്,  ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ്, പി.എഫ്.എ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍-ചാര്‍ജ് പി. മഞ്ജു ദേവി, ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് അലക്‌സ് കണ്ണമല, കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മറ്റി അംഗം മാത്യു മരോട്ടിമൂട്ടില്‍, കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, സിപിഐ പ്രതിനിധി ബി. ഹരിദാസ്, കോണ്‍ഗ്രസ് എസ് ജില്ലാ സെക്രട്ടറി ബി. ഷാഹുല്‍ ഹമീദ്, ഐ.എന്‍.എല്‍ ജില്ലാ പ്രസിഡന്റ് നിസാര്‍ നൂര്‍ മഹല്‍, എന്‍.സി.പി. ജില്ലാ വൈസ് പ്രസിഡന്റ് എം. മുഹമ്മദ് സാലി  തുടങ്ങിയവര്‍ പങ്കെടുത്തു.

Verified by MonsterInsights