പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് ബാങ്ക് ശാഖകളുടെ മോണിറ്റർ പണി. എ.ടി.എം. കാഷ് ഡിപ്പോസിറ്റ് മെഷീൻ (സി.ഡി.എം.) എന്നിവയുടെ മോണിറ്റർ സ്ക്രീൻ ചില ബാങ്കുകൾ രാത്രികാലങ്ങളിലും അവധിദിവസങ്ങളിലുമെല്ലാം ഓഫ് ചെയ്തിടുന്നതാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ബാങ്ക് ശാഖകൾ നിയന്ത്രിക്കുന്ന എ.ടിഎമ്മുകളിലും സി.ഡി.എമ്മുകളിലുമാണ് വ്യാപകമായി ഈ പ്രശ്നം.
വടക്കൻ ജില്ലകളിൽ, പ്രത്യേകിച്ചും കോഴിക്കോടും മലപ്പുറത്തും പ്രവർത്തിക്കുന്ന ചില ബാങ്ക് ശാഖകളു ടെ എ.ടി.എം. കൗണ്ടറുകളിൽ നിരന്തരം ഈ പ്രശ്നം നേരിടുന്നതായാണ് ലഭിക്കുന്ന വിവരം. ഇതുകാരണം ജനങ്ങൾക്ക് ആവശ്യസമയത്ത് പണം പിൻവലിക്കാനോ നിക്ഷേപിക്കാനോ കഴിയുന്നില്ല. സി.ഡി.എം. മെഷീൻ സ്ക്രീൻ പ്രവർത്തനരഹിതമാകുന്നത് കൂടുതലായി ബാധിക്കുന്നത് വ്യാപാരികളെയാണ്. അടുപ്പിച്ച് ബാങ്ക് അവധി വരുന്ന ദിവസങ്ങളിലും ഈ പ്രശ്നം നേരിടുന്നത് ജനങ്ങളെ കൂടുതൽ വലയ്ക്കുന്നു.
ഇത്തരത്തിൽ സ്ക്രീൻ ഓഫ് ചെയ്തിടുന്നതുവഴി ബാങ്കുകൾക്ക് എന്താണ് നേട്ടമെന്നല്ലേ..? നേട്ടമുണ്ട്. ബാങ്കുകളുടെ റാങ്കിങ്ങിൽ മികച്ച പോയിന്റ് നേടുന്നതിനാ യാണ് ഇത്തരത്തിൽ സ്ക്രീൻ ഓഫ് ചെയ്തിടുന്നത്. ബാങ്കുകൾക്കുള്ള നിർദേശമനുസരിച്ച് എ.ടി.എമ്മുകളും സി.ഡി.എം. മെഷീനുകളും 24 മണിക്കൂറും പ്രവർത്തനസജ്ജമായിരിക്കണം. സ്ക്രീൻ ഓഫ് ചെയ്താലും ഇവ പ്രവർത്തനസജ്ജമാണെന്ന് കാണിക്കാനാകും. മറ്റെന്തെങ്കിലും സാങ്കേതിക തടസങ്ങളിലൂടെ മെഷീൻ പ്രവർത്തന രഹിതമാകുന്നത് ഒഴിവാക്കാനാണിത്.

മെഷീനുകളുടെ ലഭ്യത അനുസരിച്ചാണ് ബാങ്കുകൾക്ക് മികച്ച റാങ്ക് ലഭിക്കുന്നത്. ഏകദേശം എട്ടുമാസം മുൻപുവരെ മെഷീൻ ഇടപാടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബാങ്കുകളുടെ റാങ്കിങ്. ഈ മാനദണ്ഡം മാ റിയതോടെയാണ് ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള മെഷീൻ മോണിറ്ററുകളിലെ കള്ളക്കളി.